അമാനുഷിക ശക്തികളുണ്ടെന്ന് വാദിച്ചവരെ പൊളിച്ചടുക്കിയ മാന്ത്രികൻ ജെയിംസ് റാൻഡി അന്തരിച്ചു

Thursday 22 October 2020 8:02 PM IST

ലോസ്ആഞ്ചലസ് : ലോകപ്രശസ്ത മജീഷ്യനും പാരാനോർമൽ വിഗദ്ധർ ഉൾപ്പെടെ അമാനുഷിക കഴിവുണ്ടെന്ന് വാദിച്ചവരെ പൊളിച്ചടുക്കിയ നാസ്തികനുമായിരുന്ന ജെയിംസ് റാൻഡി അന്തരിച്ചു. 92 വയസായിരുന്നു. കാനഡയിൽ ജനിച്ച അമേരിക്കൻ പൗരനായ റാൻഡി അന്യഗ്രഹജീവികൾ, ആത്മാക്കൾ തുടങ്ങിയവ ഉണ്ടെന്ന് വാദിച്ചിരുന്നവരെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.

നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും തലകീഴായി കിടന്ന് സ്ട്രേയിറ്റ് ജാക്കറ്റിൽ നിന്നും രക്ഷപ്പെടുന്ന അതിസാഹസിക വിദ്യയിലൂടെയാണ് റാൻഡി മജീഷ്യൻമാരുടെ ലോകത്ത് പ്രശസ്തനായത്. തന്റെ മാജിക്കുകൾ വെറും കൺകെട്ട് വിദ്യകളാണെന്ന് പറഞ്ഞ റാൻഡി പാരാനോർമൽ ശക്തികൾ ഉണ്ടെന്ന് വസ്തുനിഷ്ഠമായി തെളിയിക്കുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിക്കുകയും 1964ൽ അതിനായി ഒരു ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തിരുന്നു.

2015ൽ ഫൗണ്ടേഷനിൽ നിന്നും വിരമിക്കുന്നത് വരെ ഇതുവരെ ആർക്കും റാൻഡിയ്ക്ക് മുന്നിൽ അമാനുഷിക ശക്തി ഉണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ 10 ലക്ഷം ഡോളർ ആർക്കും സ്വന്തമാക്കാനും കഴിഞ്ഞില്ല. ദൈവദൂതൻമാർ എന്ന് സ്വയം അവകാശപ്പെടുന്നവരുടെ സിദ്ധികളിലും യാഥാർത്ഥ്യമില്ലെന്ന് റാൻഡി തെളിയിച്ചിരുന്നു. കപടശാസ്ത്രവാദികളെ ചോദ്യം ചെയ്യാൻ ജീവിതം മാറ്റിവച്ച റാൻഡി ഒരു നിരീശ്വരവാദി കൂടിയായിരുന്നു.