ഒടുവിൽ ഒസിരിസ് ബെന്നുവിനരികിൽ എത്തി
വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കിയ ചരിത്രദൗത്യത്തിൽ നാസയ്ക്ക് വിജയം. 2016 ൽ അമേരിക്കയിലെ കേപ് കനാവെറലിൽ നിന്നു വിക്ഷേപിക്കപ്പെട്ട ഒസിരിസ് റെക്സ് പേടകം ബെന്നു എന്ന ഛിന്നഗ്രഹത്തെ ലക്ഷ്യമാക്കി താഴേക്കിറങ്ങി. അതിന്റെ ഉപരിതലത്തിനു തൊട്ടരികിലെത്തി. തുടർന്ന് റോബട്ടിക് കൈയുപയോഗിച്ച് ബെന്നുവിന്റെ ഉപരിതലത്തിൽ പരതി. 16 മിനിട്ട് നീണ്ടു നിന്ന ഈ സാഹസികപ്രവർത്തിക്കിടെ ബെന്നുവിലെ നൈറ്റിംഗേൽ കുഴിയിൽ നിന്ന് രണ്ട് പാറകഷ്ണങ്ങൾ ഒസിരിസ് പെറുക്കിയെടുത്തു. പിന്നീട്, കൈ പിൻവലിച്ച് തിരികെ പറന്നു. 2 വർഷം ബെന്നുവിന് ചുറ്റും വലംവച്ചു തയാറെടുത്ത ശേഷമാണ് ഒസിരിസ് കൃത്യം നിർവഹിച്ചത്. ഭൂമിയിൽ നിന്ന് 32 കോടി കിലോമീറ്ററുകൾ അകലെയുള്ള ഛിന്നഗ്രഹമാണ് 450 കോടി വർഷം പഴക്കമുള്ള ബെന്നു. ഇതാദ്യമായാണ് പേടകം ഛിന്നഗ്രഹത്തിലിറക്കി നാസ സാംപിളുകൾ ശേഖരിച്ചത്. ഇപ്പോൾ കിട്ടിയ സാംപിളുകൾ ഗവേഷണത്തിന് പറ്റിയതല്ലെങ്കിൽ അടുത്തവർഷം വീണ്ടും ശേഖരിക്കും. 2023 ൽ ഒസിരിസ് സാംപിളുകളുമായി തിരിച്ച് ഭൂമിയിലെത്തും.