ഇന്ത്യയുടെ കൊവിഡ് വാക്സിന് അനുമതി, മൂന്നാം ഘട്ട ക്ലിനിക്കൽ   പരിക്ഷണം മനുഷ്യരിൽ നടത്താം

Thursday 22 October 2020 10:42 PM IST

ന്യൂഡൽഹി: കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ നിർണായക മുന്നേറ്റവുമായി ഇന്ത്യ.ഭാരത് ബയോടെക്കിന്റെ കൊവിഡിനെതിരെയുള്ള കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരിക്ഷണം മനുഷ്യരിൽ നടത്താൻ അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഒന്ന് രണ്ട് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള പഠനം വിലയിരുത്തിയാണ് ഡി.സി.ജി.ഐ വിദഗ്ദ്ധ സമിതി ഇതിന് അനുമതി നൽകിയത്. മൂന്നാം ഘട്ട പരീക്ഷണത്തിനായി 2500 സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്. ഇവർക്ക് 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വീതം പരീക്ഷണാത്മക വാക്സിൻ നൽകും. കോവാക്സിൻ ഒന്ന് രണ്ട് പരീക്ഷണ ഘട്ടങ്ങളിൽ മികച്ച ഫലങ്ങൾ കാഴ്ചവച്ചുവെന്നും അധികൃതർ അവകാശപ്പെട്ടു. നേരത്തെ വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കിനോട് സുരക്ഷയും രോഗപ്രതിരോധ ഡാറ്റയും സമർപ്പിക്കാൻ ഡി.സി.ജി.ഐ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ സമർപ്പിച്ചതിന് പിന്നാലെയാണ് മൂന്നാഘട്ട പരീക്ഷണത്തിന് ഡി.സി.ജി.ഐ അനുമതി നൽകിയത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഒരു കൊവിഡ് വാക്സിൻ ഡിസംബർ ആദ്യം തന്നെ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു.