ബീഹാർ തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിനൊപ്പം ഉണ്ടാകും, ഭരണത്തിൽ പങ്കാളിയാകില്ലെന്ന് സി പി ഐ എം എൽ

Friday 23 October 2020 7:36 AM IST

പട്ന: ബീഹാർ സർക്കാരിന് മാർഗനിർദ്ദേശം നൽകാൻ തങ്ങളുണ്ടാകുമെന്നും, എന്നാൽ ഭരണത്തിൽ പങ്കാളിയാകില്ലെന്നും സി പി ഐ എം എൽ. സംഘപരിവാർ വിരുദ്ധതയ്ക്ക് ശക്തി പകരാനാണ് മഹാസഖ്യത്തിന്റെ ഭാഗമായതെന്ന് പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'ഞങ്ങളുടെ ശക്തി ഞങ്ങൾക്കറിയാം. ആ ശക്തി ബി ജെ പി വിരുദ്ധതയ്ക്ക് കരുത്ത് പകരാനുള്ള പിന്തുണയാകും. ബി ജെ പി- ജെ ഡി യു സഖ്യം ബീഹാർ ജനതയെ വഞ്ചിച്ചു. സർക്കാരിന്റെ ഭാഗമാകില്ല, മന്ത്രിസ്ഥാനങ്ങൾ ഏറ്റെടുക്കില്ല. എന്നാൽ സർക്കാരിന് മാർഗനിർദ്ദേശം നൽകാനും വിഷയങ്ങളിലിടപെടാനും ഞങ്ങളുണ്ടാകും. 'കവിത കൃഷ്ണൻ വ്യക്തമാക്കി.മഹാസഖ്യത്തിന്‍റെ ഭാഗമായി 19 സീറ്റുകളിലാണ് ഇത്തവണ സി പി ഐ എം എൽ മത്സരിക്കുന്നത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് പ്രചരണത്തിനായി ബീഹാറിലെത്തും. മോദി ഡെഹ്രി-ഓൺ സോൺ , ഗയ, ഭാഗൽപൂർ എന്നിവിടങ്ങളിലായി വാഹന പ്രചരണ യാത്ര നടത്തും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മോദിക്കൊപ്പം ഡെഹ്രി, ഭാഗൽപൂർ എന്നിവിടങ്ങളിൽ നടക്കുന്ന റാലികളിൽ പങ്കെടുക്കുമെന്നും ബി ജെ പി വൃത്തങ്ങൾ അറിയിച്ചു. നവാഡയിലെ ഹിസുവ, ഭാഗൽപൂർ ജില്ലയിലെ കഹൽഗാവ് എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി പ്രചരണ റാലി നടത്തും. മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ ശക്തിസിംഗ് ഗോഹിലും മറ്റുമുതർന്ന നേതാക്കളും രാഹുലിനെ അനുഗമിക്കും