വടിവേലു ബി ജെ പിയിലേക്ക്? രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രതികരിച്ച് നടൻ
നടൻ വടിവേലു ബി ജെ പിയിൽ ചേരുന്നുവെന്ന രീതിയിലുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. താനുമായി ബന്ധപ്പെട്ടുള്ള അത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോൾ.
രാഷ്ട്രീയ പ്രവേശനത്തിന് പദ്ധതിയില്ലെന്നും, കേൾക്കുന്നതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും വടിവേലു വ്യക്തമാക്കി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കായി പ്രചാരണം നടത്തിയിരുന്നു. അതേസമയം നടൻ വിജയ് ബി ജെ പിയിൽ ചേരുന്നുവെന്ന രീതിയിലും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖർ ഇത് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് കോൺഗ്രസ് ദേശീയ വക്താവ് ഖുഷ്ബു ബി ജെ പിയിൽ ചേർന്നത്. ഇതിന് പിന്നാലെ കൂടുതൽ താരങ്ങളെ പാർട്ടിയിലെത്തിക്കാൻ ചർച്ച നടക്കുന്നതായി ബി ജെ പി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.