ഒൻപതുകാരിയായ മകളെ പീഡിപ്പിച്ച കാമുകനൊപ്പം ഒളിച്ചോടി, യുവതിയും യുവാവും പിടിയിൽ

Friday 23 October 2020 12:00 AM IST

വളാഞ്ചേരി: ഒൻപതുകാരിയായ മകളെ പീഡിപ്പിച്ച കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും യുവാവിനെയും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് മൂന്നരയും ഒൻപതും വയസ്സുള്ള രണ്ട് കുട്ടികളാണുള്ളത്. ഇരിമ്പിളയം ചെമ്പ്രരന്മാരിൽ സുഭാഷും (28) കുട്ടിയുടെ അമ്മ 28 കാരിയുമാണ് പിടിയിലായത്.

കഴിഞ്ഞവർഷം മാർച്ചിലാണ് യുവതിയുടെ 9 വയസ്സുള്ള മകളെ പീഡനത്തിനിരയാക്കിയത്. വിവരം കുട്ടി മാതാവിനെ അറിയിച്ചെങ്കിലും ആരോടെങ്കിലും പറഞ്ഞാൽ അയാൾക്കൊപ്പം ഒളിച്ചോടുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് കുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് ഇവർ ഒളിച്ചോടിയത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ കറങ്ങിയ ഇവരെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെയും പീഡന വിവരം മറച്ചുവെച്ചതിന് മാതാവിനെതിരെയും പോക്‌സോ പ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരവും യുവതിക്കെതിരെ കേസുണ്ട്. എസ്.ഐമാരായ മുരളി കൃഷ്ണൻ, ഇഖ്ബാൽ, പ്രബേഷൻ എസ്.ഐ മധു ബാലകൃഷ്ണൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട്, എ.എസ്.ഐമാരായ പ്രമോദ്, ജയപ്രകാശ്, രാജേഷ്, ജോബിൻ, ഡബ്ല്യൂ.സി.പി.ഒ സമീറ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.