ഈ വേഷം എനിക്ക് മലയാള സിനിമകളിൽ ഒരു പുതിയ വഴിത്തിരിവ് നൽകുമായിരുന്നു, ആ മോഹൻലാൽ ചിത്രത്തിലെ ഒഴിവാക്കിയ രംഗത്തെക്കുറിച്ച് ബാബു ആന്റണി
ബാബു അന്റണി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിൽ ആദ്യം ഓടിയെത്തുക ആക്ഷൻ രംഗങ്ങളായിരിക്കും. പണ്ടത്തെ സിനിമകളിൽ നായകനൊപ്പമാണ് ബാബു ആന്റണിയെങ്കിൽ പ്രേക്ഷകർക്ക് ഒരു സമാധാനമായിരുന്നു.
അത്തരത്തിൽ നടൻ മോഹൻലാലിനൊപ്പം വില്ലനെ കീഴ്‌പ്പെടുത്തുന്ന ചിത്രത്തിൽ നിന്ന് നീക്കം ചെയ്ത ഒരു രംഗത്തെക്കുറിച്ച് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മനസുതുറന്നിരിക്കുകയാണ് ബാബു ആന്റണി. താണ്ഡവം എന്ന സിനിമയിലെ സീനായിരുന്നു അത്.
'ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന സിനിമയിൽ പ്രിയൻ, മോഹൻലാൽ എന്നിവരോടൊപ്പം സൂഫി വേഷത്തിലാണ് ഞാൻ എത്തിയത്. ഞാൻ ഏറെ ആസ്വദിച്ച വേഷങ്ങളിൽ ഒന്നാണത്. ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ നായകനുമായി കൈകോർക്കുന്ന ഒരു പോരാട്ടം സിനിമയിൽ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ ഈ രംഗം ഒരിക്കലും എഡിറ്റിംഗ് ടേബിളിൽ എത്തിയില്ല. അന്ന് എനിക്ക് സിനിമകളില്ലാത്തതിനാൽ ഈ വേഷം എനിക്ക് മലയാള സിനിമകളിൽ ഒരു പുതിയ വഴിത്തിരിവ് നൽകുമായിരുന്നു. എന്റെ ഓർമ്മ പുതുക്കിയതിന് ആരാധകർക്ക് നന്ദി' ബാബു ആന്റണി കുറിച്ചു.