അളവെടുത്തപ്പോൾ വീടിന് 5500 ചതുരശ്രയടിയിലധികം വിസ്‌തീർണം; ഷാജിയെ പൂട്ടാൻ എൻഫോഴ്‌സ്‌മെന്റ്

Friday 23 October 2020 1:39 PM IST

കോഴിക്കോട്: അനുവദിച്ച അളവിലും അധികമായി വീട് നിർമ്മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് കെ.എം ഷാജി എം.എൽ.എയ്‌ക്ക് എതിരെ തുടർ നടപടികൾക്ക് നീക്കം. അഴിമതി ആരോപണത്തിന് പിന്നാലെ ഷാജിക്കെതിരെയുളള കോഴിക്കോട് കോർപ്പറേഷന്റെ നികുതിക്കുരുക്ക് ഇതോടെ ഷാജിക്ക് തലവേദനയായി മാറുമെന്ന് ഉറപ്പായി.

3200 ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽ നിന്ന് ഷാജി അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്‌തീർണം വീടിന് ഉണ്ടെന്നാണ് അളവെടുപ്പിൽ വ്യക്തമായത്. 2016ൽ പൂർത്തിയാക്കിയ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ക്രമവത്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധിക നിർമ്മാണം നടത്തിയതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഷാജിയുടെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോർട്ട് നൽകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്‌ ആവശ്യപ്പെട്ടതിനെ തുടർന്നാണ് എക്‌സിക്യുട്ടീവ് എൻജിനീയർ രമേശ്കുമാറിന്റെ നേതൃത്വത്തിലുളള സംഘം മാലൂർകുന്നിന് സമീപത്തെ വീട് വ്യാഴാഴ്ച അളന്നത്. 27ന് റിപ്പോർട്ട് സമർപ്പിക്കും. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്‌തീർണം, പൂർത്തിയാക്കിയ പ്ലാൻ എന്നിവ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സാമ്പത്തിക സ്രോതസ് കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷണം തുടങ്ങിയത്.

കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന കെ.എം ഷാജി എം.എൽ.എയുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോർപ്പറേഷൻ അധികൃതർ ഇ.ഡിയുടെ നിർദേശ പ്രകാരം അളന്നത്.