കൊതിപ്പിക്കും 'മാജിക്" കൂൺ വരൂ... അറിയാം കൂൺ രഹസ്യങ്ങൾ
മഴക്കാലമായാൽ കാണാം തൊടികളിൾ നിറയെ തലയുയർത്തി നിൽക്കുന്ന കൂണുകളെ. അരിക്കൂൺ, പാവക്കൂൺ, മുട്ടക്കൂൺ അങ്ങനെയെത്ര തരം കൂണുകൾ. ചുറ്റിലും ഒന്ന് കണ്ണോടിക്കേണ്ട ആവശ്യമേയുള്ളൂ.. പല നിറത്തിലും രൂപത്തിലും ഒക്കെ നമുക്കവയെ കാണാം. പക്ഷേ ഇവയിൽ ഭക്ഷ്യയോഗ്യമായവയും അല്ലാത്തവയും ഉണ്ട്. അത് തിരിച്ചറിഞ്ഞുവേണം കൂണിനെ അടുക്കളയിൽ കയറ്റാൻ. ശ്രദ്ധിച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയായേക്കും ഇവ...
പുരാതന ഡയറ്റ്
പുരാതന കാലംമുതലേ മനുഷ്യർ ആഹാരമെന്ന നിലയിൽ കൂൺ ഉപയോഗിച്ചു വരുന്നു. 13,000 വർഷങ്ങൾക്ക് മുൻപ് ചിലിയിലെ ആദിമ മനുഷ്യർ കൂൺ ആഹാരത്തിനായി ഉപയോഗിച്ചിരുന്നതായി ഗവേഷകർ പറയുന്നു. റോമൻ ഭരണകാലത്ത് ഭക്ഷ്യയോഗ്യമായ കൂണുകളെ കണ്ടെത്തുന്നതിനായി മാത്രം ' മഷ്റൂം ടേസ്റ്റർ' എന്ന ഒരു പദവി തന്നെ കൊട്ടാരത്തിലുണ്ടായിരുന്നുവത്രേ. ഹരിതകം ഇല്ലാത്ത സസ്യമായ കൂൺ, കുമിൾ അഥവാ ഫംഗസ് വിഭാഗത്തിൽപ്പെട്ടതാണ്. ജീവനില്ലാത്തതും അഴുകിയതുമായ ജൈവവസ്‌തുകളിൽ വളരുന്ന കുമിളുകൾക്ക് ഹരിതകമില്ലാത്തതിനാൽ സ്വന്തമായി ആഹാരം ഉണ്ടാക്കുവാൻ സാദ്ധ്യമല്ല, ജീർണിച്ച ജൈവ പ്രതലങ്ങളിൽ നിന്നും ആഹാരം വലിച്ചെടുത്താണവ വളരുന്നത്.
ആരോഗ്യപ്രദായിനി
രുചിയിൽ മാത്രമല്ല, പോഷക ഗുണങ്ങളുടെ കാര്യത്തിലും മുന്നിൽ തന്നെയാണ് കൂണുകൾ. ഏറെ രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാൻസർ, ട്യൂമർ, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്. 2500 തരം ഭക്ഷ്യയോഗ്യമായ കൂണുകൾ ഉണ്ട്. കറിയുണ്ടാക്കിയോ, പൊരിച്ചോ കട്ലറ്റാക്കിയോ ഒക്കെ യഥേഷ്‌ടം കൂൺ ഭക്ഷണമാക്കാം.
അറിയാം ചില കൂൺ വിശേഷങ്ങൾ
- ഒരു സമ്പൂർണ ആഹാരമാണ് കൂൺ
- 100 ഗ്രാം കൂണിൽ 89 ശതമാനവും ജലമാണ്.
- അന്നജം അഞ്ചുശതമാനം
- മാംസ്യം മൂന്നുശതമാനം
- കൊഴുപ്പ് ഒരു ശതമാനത്തിൽ താഴെ
- ധാതുലവണങ്ങൾ ഒരു ശതമാനം
- നാര് ഒരു ശതമാനം
- കൂണിലെ അന്നജം മനുഷ്യശരീരത്തിൽ വിഘടിക്കപ്പെടുമ്പോൾ ഗ്ലൂക്കോസിന് പകരം പോളിസാക്കറൈഡുകളായി മാറുന്നു.
- സോഡിയവും പൊട്ടാസ്യവുമാണ് കൂണിൽ ധാരാളമായി അടങ്ങിയിരിക്കുന്നത്.
- ബി കോംപ്ലക്‌സ് വൈറ്റമിനുകളും കൂണിൽ അടങ്ങിയിട്ടുണ്ട്.
- വൈറ്റമിൻ സി ഉത്പാദിപ്പിക്കുന്ന എർഗോ കൽസഫെറോണും കൂണിൽ അടങ്ങിയിട്ടുണ്ട്.
- കൊളസ്‌ട്രോൾ കുറയ്‌ക്കുന്ന ലെവോസ്റ്റാറ്റിൻ എന്ന ഘടകം കൂടുതലായി കൂണിലുണ്ട്.
- ചിക്കുൻ ഗുനിയ രോഗത്തെ പ്രതിരോധിക്കുന്നതിൽ കൂൺ ഉപയോഗം പ്രധാന ഘടകമായിട്ടുണ്ട്.
- മനുഷ്യശരീരത്തിൽ നിന്നുണ്ടാകുന്ന വിഷമയമായ ഓക്‌സീകരണ തന്മാത്രകളെ നിരോക്‌സീകരിക്കാനുള്ള കഴിവ് കൂണിനുണ്ട്.
- കൂണിൽ അപൂരിത കൊഴുപ്പുകളാണുള്ളത്.
- കാൻസറിന്റെ വ്യാപനം തടയുന്നതിനും കൂൺ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
- ദിവസേനയുള്ള ഭക്ഷണക്രമത്തിൽ കൂൺ 25 മുതൽ 50 ഗ്രാം വരെ ഉൾപ്പെടുത്തിയാൽ വൈറസ് ജന്യ രോഗങ്ങളെ പ്രതിരോധിക്കാമെന്നാണ് കണക്കാക്കുന്നത്.
- ശരീരത്തിന് ഏൽക്കുന്ന അണുബാധകളിൽനിന്ന് സംരക്ഷണകവചമൊരുക്കാൻ സെലേനിത്തിന് സാധിക്കും. സെലേനിയം നല്ല അളവിൽ അടങ്ങിയിട്ടുള്ള പ്രധാന വെജ് ഭക്ഷണമാണ് കൂൺ.
- കൂണിൽ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്പും കൂണിൽ നിന്ന് ലഭ്യമാകും.
- ശരീരത്തിലെ കലോറി കുറയ്‌ക്കാനും, ഭക്ഷണത്തോടുള്ള ആർത്തി ഇല്ലാതാക്കാനും സഹായിക്കും.
-
'ഇടി 'യിൽ വിരിയും കൂണുകൾ
ഇടിമിന്നലോടുകൂടിയ മഴക്ക് ശേഷം മരങ്ങൾക്ക് അരികത്തായി ധാരാളമായി കൂണുകൾ മുളച്ചു പൊന്തുന്നത് കാണാം. കാർബൺ അടങ്ങിയ മണ്ണിലുള്ള വസ്‌തുക്കളുടെ ജീർണിക്കലിലൂടെയാണ് സാധാരണഗതിയിൽ കൂണുകൾ മുളക്കാറുള്ളത്. പക്ഷേ വളരെ ചെറുപ്പം തൊട്ട് നമ്മൾ കേൾക്കുന്ന ഒന്നാണ് ഇടി മുഴങ്ങിയാൽ കൂൺ മുളക്കും എന്നത്. പക്ഷെ അതിന്റെ ശാസ്ത്രീയവശം വേറെയാണ്. നേരിട്ട് മിന്നലേറ്റാൽ കൂൺ പോയിട്ട് മനുഷ്യൻ പോലും കരിഞ്ഞില്ലാതാകുമെന്ന വസ്‌തുത വ്യക്തമാണല്ലോ. പക്ഷേ വളരെ ശക്തി കുറഞ്ഞ വൈദ്യുതി തരംഗങ്ങൾ മണ്ണിൽ തൊടുമ്പോഴാണ് കൂണുകൾ അതിവേഗത്തിൽ മുളച്ചു പടരുന്നത്. നനഞ്ഞ അന്തരീക്ഷം ഏറ്റവും അനുയോജ്യമായത് കൊണ്ടാണ് മഴയോടൊപ്പമുള്ള ഇടിമിന്നലിൽ കൂണുകൾ കൂടുതലായി മുളക്കുന്നത്. 50,000 - 100,000 വോൾട്ടുകളിലുള്ള വൈദ്യുതിതരംഗങ്ങളാണ് കൂണുകൾ മുളച്ചു പൊന്താൻ അനുയോജ്യം.
കച്ചവടാടിസ്ഥാനത്തിൽ ആണെങ്കിൽ പോലും പരമ്പരാഗതമായ വിളവെടുപ്പ് ശൈലിയിൽ കൂണുകളുടെ വിളവ് ഇരട്ടിപ്പിക്കാൻ പലപ്പോഴും ഇടിമിന്നൽ കൊണ്ട് സാധിക്കാറുമുണ്ട്. മിന്നൽ മണ്ണിലേക്ക് ഉദ്ഭവിപ്പിക്കുന്ന നൈട്രജൻ, ഓക്‌സിജൻ വാതകങ്ങൾ മഴയുമായി ചേർന്ന് മണ്ണിൽ നടത്തുന്ന പ്രവർത്തനമാണ് ഈ പ്രതിഭാസത്തിന് കാരണം.
പന്ത്രണ്ട് മണിക്കൂർ മാത്രം ആയുസ്
തിമർത്തു പെയ്യുന്ന മഴക്കാലം ചെറുതായൊന്നു ശമിക്കുമ്പോഴാണ് അരിക്കൂണിന്റെ സമയം. തൂവെള്ള നിറത്തിൽ നിരനിരയായി ഇവ മുളപൊട്ടി വളരും. മരവും മറ്റും വീണ് ദ്രവിച്ച ഇളകിയ മണ്ണിലാണ് ഇവയെ സാധാരണയായി കാണാൻ കഴിയുക. കേവലം പന്ത്രണ്ട് മണിക്കൂർ മാത്രമാണ് അരിക്കൂണിന്റെയും ആയുസ്. ഒരിടത്ത് ഒരു കൂട്ടത്തെ കണ്ടാൽ സമീപത്തൊക്കെ ഇവയെ ധാരാളമായി കാണാം. ഭക്ഷ്യയോഗ്യമായ കൂണുകളിൽ ഏറ്റവും സ്വാദേറിയതാണ് അരിക്കൂണുകൾ. മുളച്ച് നിൽക്കുമ്പോൾ തന്നെ പിഴുതെടുക്കണമെന്ന് മാത്രം.
രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്ത തോട്ടങ്ങളിലും വഴിവക്കിലുമെല്ലാം സ്വഭാവികമായ വളരുന്ന അരിക്കൂൺ സ്വാദിന്റെ കാര്യത്തിലും മുന്നിലാണ്. പഴയ തലമുറകളുടെ ഭക്ഷണ ക്രമത്തിലെല്ലാം കൂൺ ധാരാളമായി ഉൾപ്പെടുത്തിയിരുന്നു. അന്ന് ഇതുപോലെ കാര്യമായ കൂൺകൃഷി ഒന്നുമില്ലെങ്കിലും മഴക്കാലം കഴിയുമ്പോൾ കൂൺ ഇഷ്‌ടം പേലെ ലഭിച്ചിരുന്നു. മാറിയ കാലാവസ്ഥ കൂണിന്റെ വംശാവലിയെയും സാരമായി ബാധിക്കുന്നുണ്ട്.
എല്ലാ കൂണും ഭക്ഷ്യയോഗ്യമല്ല
പറമ്പിൽ കാണുന്ന കൂൺ കണ്ട് മതിമറക്കരുത്. കൂണുകൾകൊണ്ട് മുന്തിയതരം ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കുമ്പോൾ ഭക്ഷ്യയോഗ്യമായതിനെയും അല്ലാത്തവയെയും തിരിച്ചറിഞ്ഞിരിക്കണം. നമ്മുടെ വീട്ടുപറമ്പുകളിൽ ആകൃതികൊണ്ടും വർണവിസ്‌മയം കൊണ്ടും ആകർഷണമായ വിഷക്കൂണുകളിൽ ഒളിഞ്ഞിരിക്കുന്ന 'വിഷം' ജീവനെടുക്കാൻ തരത്തിലുള്ളവയാണ്. ഇവയെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാഗികമായോ പൂർണമായോ ഉള്ള തളർച്ചകൾക്കു കാരണമാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. വിഷക്കൂണുകളെ ഭക്ഷ്യയോഗ്യമായവയിൽ നിന്നും തിരിച്ചറിയാനുള്ള ശാസ്ത്രീയ മാർഗങ്ങൾ വിരളമാണ്. പരിചയം കൊണ്ടുമാത്രമേ ഇവയെ തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ.
അമാനിറ്റ വർഗത്തിലെ വിവിധ വർണങ്ങളിലുള്ള വിഷക്കൂണുകൾ, അത്യാകർഷകമായ തൂവെള്ള നിറത്തിലുള്ള ലപ്പിയോട്ട കൂണുകൾ എന്നിവ കടുത്ത ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകും. സമയബന്ധിതമായ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം സംഭവിക്കും.
വിഷക്കൂണുകളെ തിരിച്ചറിയാം
- കൂണുണ്ടാകുന്ന തടിയിൽ വളയങ്ങൾ ഉണ്ടായിരിക്കും. വിഷ കൂൺ ദിവസങ്ങളോളം കേടു കൂടാതിരിക്കും.
- ഈച്ച, വണ്ട് മുതലായവയൊന്നും അതിലേക്ക് ആകർഷിക്കപ്പെടുകയില്ല.
- കൂൺകുടയുടെ അടിയിൽ ഉള്ള ചെകിള, നിറങ്ങൾ നിറഞ്ഞതോ കറുപ്പോ ആയിരിക്കും.
- പൂച്ച, പട്ടി തുടങ്ങിയ ജന്തുക്കൾ ഇത്തരം കൂണുകൾ മണക്കുക പോലുമില്ല. വിഷ കൂണിൽ പൊടി ഉണ്ടാകും.
- പല നിറങ്ങളിൽ കാണുന്നവ ഭക്ഷ്യയോഗ്യമല്ല.
- മുറിച്ചുവയ്‌ക്കുന്ന കൂൺ കഷണങ്ങൾക്ക് നിറവ്യത്യാസമുണ്ടായാലും ഉപയോഗിക്കരുത്.
- കൂണിന്റെ തണ്ടിൽ മോതിരം പോലെയുള്ള വലയമോ തണ്ടിന്റെ അടിഭാഗത്ത് കപ്പുപോലുള്ള ഭാഗമോ ഉണ്ടെങ്കിൽ ഇത് വിഷക്കൂണാണ്.
- മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിൽ 15 മിനിട്ട് ഇട്ട് വയ്‌ക്കണം. കൂൺ നീല നിറമായാൽ അത് വിഷ കൂൺ ആണെന്നുറപ്പിക്കാം.
- മുറിക്കുമ്പോൾ പാൽപോലെയോ കറപോലെയോ ഉള്ള ദ്രാവകം ഒഴുകിവരുന്നവ.
കൂൺ കൃഷി ചെയ്‌താലോ?
കൂൺ കൃഷി ഇന്ന് നല്ലൊരു വരുമാനമാർഗമായി മാറിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ കച്ചിക്കൂൺ, ചിപ്പിക്കൂൺ, പാൽക്കൂൺ ഇവ നമുക്ക് വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തിയെടുക്കാവുന്നതാണ്. യനോഡർമ, ഫെല്ലിനസ്, കോറിയോലസ് മുതലായവയാണ് ഔഷധഗുണമുള്ള കുമിളുകൾ. പതിനേഴാം നൂറ്റാണ്ടിൽ ലൂയി പതിനാലാമന്റെ കാലത്താണ് ആദ്യമായി കൂൺ കൃഷി ആരംഭിക്കുന്നത്. ഇന്ത്യയിൽ താരതമ്യേന വളരെ അടുത്ത കാലത്താണ് ഭക്ഷ്യയോഗ്യമായ കൂണിന്റെ കൃഷി ആരംഭിക്കുന്നത്. 1960കളുടെ ആരംഭത്തിൽ ഹിമാചൽ പ്രദേശിലാണ് ഇതിനായുള്ള ആദ്യശ്രമം നടത്തിയത്.
വളരെ സിംപിളായ കൃഷിയാണ് കൂൺ കൃഷി. നല്ല ലാഭവുമുണ്ട്. പക്ഷേ, തുടക്കം വലിയ തോതിൽ വേണ്ട. ആദ്യം ഏതെങ്കിലും നല്ലൊരു സ്ഥാപനത്തിൽ പോയി പരിശീലനം നേടുക. അതോടൊപ്പം സ്വന്തം നിലയിലും ഈ കൃഷിയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കാം. പിന്നീട് കുറച്ചു നല്ല വിത്തു ശേഖരിച്ച് സ്വന്തമായി ബെഡ് തയാറാക്കി കൃഷി ചെയ്‌തു തുടങ്ങാം. ആദ്യത്തെ ആറു മാസത്തോളം സ്വന്തം ആവശ്യത്തിനു കൂൺ കൃഷി ചെയ്യുന്നുവെന്നു വിചാരിച്ചാൽ മതി. കുറച്ച് ബെഡുകളിൽ വീട്ടിലെ ഏറ്റവും ചൂടുകുറവുള്ള ഭാഗത്ത് കൃഷി തുടങ്ങാം.
ഓരോ ഘട്ടത്തിലെയും പോരായ്‌മകളും പ്രതിസന്ധികളും മനസിലാക്കാനും അതെല്ലാം പരിഹരിച്ച് മുന്നേറാനും ഈ കാലഘട്ടം സഹായിക്കും. ആത്മവിശ്വാസമാർജിച്ചു കഴിഞ്ഞാൽ പതിയെ ബെഡുകളുടെ എണ്ണം വർദ്ധിപ്പിക്കാം, സമീപത്തുള്ള കടകളിലൊക്കെ വിറ്റു തുടങ്ങാം. അങ്ങനെ പതിയെപ്പതിയെ വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദനവും വിപണനവും തുടങ്ങാം.