ജലീലിനെ അപകീർത്തിപ്പെടുത്തിയ കേസ്; യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Friday 23 October 2020 4:51 PM IST

മലപ്പുറം: യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മന്ത്രി കെ.ടി ജലീലിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് മലപ്പുറം എസ്.പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്‌. മലപ്പുറം ചങ്ങരംകുളം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രവാസിയായ യാസറിനെ യു.എ.ഇയിൽ നിന്നും നാടുകടത്താൻ മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിൽ സമ്മ‍ർദ്ദം ചെലുത്തിയതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷാണ് ഇതു സംബന്ധിച്ച മൊഴി നൽകിയത്.

മന്ത്രിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നത് എന്നാണ് യാസർ എടപ്പാളിന്റെ ആരോപണം. മന്ത്രിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് മലപ്പുറത്ത് കെ.ടി ജലീലിന്റെ ഓഫീസിന് മുന്നിൽ യാസർ എടപ്പാളിന്റെ കുടുംബം പ്രതിഷേധിച്ചത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.