ജ്വല്ലറിയിൽ കവർച്ച; കള്ളൻ കാമറയിൽ

Saturday 24 October 2020 7:43 AM IST

തലശ്ശേരി: ബസ് സ്റ്റാൻഡിലെ പഴയ പൊലീസ് സ്റ്റേഷനു വിളിപ്പാടകലെയുള്ള പ്രിൻസ് ജ്വല്ലറിയിൽ കവർച്ച. ഓട് നീക്കി അകത്ത് കയറിയ മോഷ്ടാവ് ഗ്രിൽസ് പൂട്ട് തകർത്ത് മുൻവശത്തെ ഷോറൂമിൽ കയറി നാല് വെള്ളി സ്റ്റഡ് മാത്രം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിൽ കയറിയ പാടെ സി.സി.ടി.വിയുടെ കേബിൾ വയർ അറുത്താണ് മോഷണം നടത്തിയതെങ്കിലും കണക്ഷൻ വിഛേദിക്കപ്പെടുന്നതിന് മുമ്പെ കള്ളന്റെ രൂപം കാമറയിൽ പതിഞ്ഞിരുന്നു. മങ്കി കാപ് ധരിച്ച സാമാന്യം ഉയരമുള്ളയാളാണ് ദൃശ്യങ്ങളിൽ തെളിയുന്നത്. ഓടുനീക്കി താഴെ ഇറങ്ങിയ കയറും കടയിലുണ്ട്.

മുഴപ്പിലങ്ങാട് സ്വദേശി വി.കെ. രാജേഷിന്റെതാണ് ജ്വല്ലറി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കടയടച്ച് പോയതായിരുന്നു. ഇന്നലെ രാവിലെ തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് തലശ്ശേരി എസ്.ഐ. കെ. ജഗ്ജീവൻ സ്ഥലത്തെത്തി അന്വേഷണം നടത്തി. മോഷ്ടാവിന്റെതെന്ന് കരുതുന്ന ഒരു ചുറ്റിക സ്ഥലത്തു നിന്നും കണ്ടെടുത്തു. ഏറെ സ്വർണ്ണാഭരണങ്ങൾ വിൽപനയ്ക്ക് സൂക്ഷിച്ച ആഭരണക്കടയിൽ നിന്നും നാല് വെള്ളിക്കമ്മൽ മാത്രമാണ് മോഷ്ടിക്കപ്പെട്ടത്. ഇതേശൈലിയിൽ ഓടുനീക്കി, കയറും ചുറ്റികയുമൊക്കെയായി ഏതാനും മാസം മുമ്പ് സൈദാർപള്ളിയിലെ ഇരു വീട്ടിലും കവർച്ചാ ശ്രമം നടന്നിരുന്നു.