മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രസർക്കാർ; ബാങ്കുകൾക്ക് 6500 കോടി രൂപ നൽകും

Saturday 24 October 2020 3:54 PM IST

ന്യൂഡൽഹി: മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്‌പകളുടെ പിഴപ്പലിശ ഒഴിവാക്കി കൊണ്ടുളള മാർഗരേഖ പുറത്തിറങ്ങി. രണ്ട് കോടി രൂപ വരെയുളള വായ‌്‌പകളുടെ പിഴപ്പലിശയാണ് ഒഴിവാക്കുക. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നടപടി. കേന്ദ്ര ധനമന്ത്രാലയമാണ് മാർഗരേഖ പുറത്തിറക്കിയത്.

പിഴപ്പലിശ ഒഴിവാക്കാൻ സർക്കാർ 6500 കോടി രൂപയാണ് ബാങ്കുകൾക്ക് നൽകുന്നത്. മൊറട്ടോറിയം കാലത്തെ വായ്‌പകളുടെ പലിശ കൂടി ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്. അക്കാര്യങ്ങൾ നവംബർ രണ്ടിന് കോടതി പരിശോധിക്കും. ഭവന, വിദ്യാഭ്യാസ,വാഹന വായ്‌പകൾ, ക്രെഡിറ്റ് കാർഡ് വായ്പകൾ, എം.എസ്.എം.ഇ വായ്പകൾ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. ഇതിൽ കാർഷിക വായ്‌പകൾ ഉൾപ്പെടുത്തിയിട്ടില്ല.

മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്‌പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കഴിഞ്ഞ ആഴ്‌ച കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തീരുമാനം എടുത്തെങ്കിൽ എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്ന് വിമർശിച്ച സുപ്രീംകോടതി നവംബർ രണ്ടിനകം ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാമർശം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂട്ടുപലിശ ഒഴിവാക്കി കൊണ്ടുളള മാർഗരേഖ ധനമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.