ബീഹാറിൽ ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു, പ്രതികളിലൊരാളെ നാട്ടുകാർ അടിച്ചുകൊന്നു

Sunday 25 October 2020 7:57 AM IST

പട്ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജനതാദൾ രാഷ്ട്രവാദി പാർട്ടി സ്ഥാനാർഥി വെടിയേറ്റ് മരിച്ചു. ശ്രീനാരായൺ സിംഗ് ആണ് കൊല്ലപ്പെട്ടത്. ഷിയോഹർ ജില്ലയിലെ ഹാത്സർ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് സംഭവം.

ആക്രമണത്തിൽ അദ്ദേഹത്തിന്റെ അനുയായികൾക്കും പരുക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്. ശ്രീനാരായൺ സിംഗ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

അക്രമി സംഘത്തിൽ ആറ് പേർ ഉണ്ടായിരുന്നെന്നാണ് പ്രാഥമിക വിവരം. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളിൽ ഒരാളെ ശ്രീനാരായൺ സിംഗിന്റെ അനുയായികൾ അടിച്ചുകൊന്നു. മറ്റ് പ്രതി പോലീസ് കസ്റ്റഡിയിലാണ്.ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൂർണാഹിയ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ രാകേഷ് കുമാർ അറിയിച്ചു.