കപിൽദേവ് ആശുപത്രി വിട്ടു, ചിത്രം പങ്കുവച്ച് ചേതൻ ശർമ്മ

Sunday 25 October 2020 3:58 PM IST

ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽദേവ് ആശുപത്രിവിട്ടു. സഹതാരമായിരുന്നു ചേതൻശർമ്മ അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഡോക്ടർക്കൊപ്പം കപിൽ നിൽക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. നേരത്തേ ആൻജിയാേ പ്ളാസ്റ്റിക്കുശേഷം വിശ്രമിക്കുന്ന കപിലിന്റെ ചിത്രവും ചേതൻ ശർമ്മ പങ്കുവച്ചിരുന്നു.

ഡൽഹിയിലെ സുന്ദർനഗറിൽ താമസിക്കുന്ന 62കാരനായ കപിലിനെ നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് ഓഖ്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് പരിശോധനയിൽ വ്യക്തമായതോടെ രാത്രി വൈകി ആൻജിയോ പ്ളാസ്റ്റി ചെയ്യുകയായിരുന്നു. നില മെച്ചപ്പെട്ടതോടെയാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ തീരുമാനിച്ചത്. മൂന്നാഴ്ചത്തെ വിശ്രമവും അദ്ദേഹത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. സച്ചിൻ, കൊഹ്‌ലി,യുവരാജ് തുടങ്ങി ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന് സൗഖ്യമാശംസിച്ചിരുന്നു.