ഭാര്യ ജീവനാംശം നൽകണമെന്ന് ഭർത്താവ്: അംഗീകരിച്ച് കോടതി

Monday 26 October 2020 12:49 AM IST

ന്യൂഡൽഹി: വിവാഹമോചനം നേടിയ ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് ഏഴ് വർഷം കേസ് നടത്തിയ 62 കാരനായ ഭർത്താവിന് അവസാനം അനുകൂല വിധി. ഭർത്താവിന് മാസം രണ്ടായിരം രൂപ ജീവനാംശം നൽകാൻ മുസഫർനഗർ ജില്ലാ കോടതി ഉത്തരവിട്ടു.

ഉത്തർപ്രദേശിലെ മുസഫർനഗർ ഖത്തോലി സ്വദേശി കിഷോരി ലാൽ സൊഹൻകാറും ഭാര്യ മുന്നീദേവിയും 2013ലാണ് 23 വർഷം നീണ്ട് നിന്ന വൈവാഹിക ജീവിതം അവസാനിപ്പിച്ചത്. വിവാഹമോചനത്തിന് ശേഷം ചായകടക്കാരനായ കിഷോരി റെയിൽവേയിലെ ക്ലാസ് ഫോർ ജീവനക്കാരിയായ ഭാര്യയെ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മുന്നി ഇത് നിരാകരിച്ചതോടെ ജീവനാംശം ആവശ്യപ്പെട്ടു കിഷോരി. എന്നാൽ മുന്നി അതും നിരസിച്ചതോടെ കിഷോരിലാൽ വീണ്ടും കോടതിയെ സമീപിച്ചു.

ഭാര്യയ്ക്ക് സർക്കാർ പെൻഷൻ ലഭിക്കുന്നുണ്ടെന്നും 1955 ലെ ഹിന്ദു മാരേജ് ആക്ട് പ്രകാരം തനിക്ക് ഭാര്യയിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്നുമാണ് കിഷോരിയുടെ വാദം. വാദം അംഗീകരിച്ച കോടതി ജീവനാംശം നൽകാൻ ഭാര്യയോട് ഉത്തരവിട്ടു. മുന്നിയ്ക്ക് 12, 000 രൂപ പ്രതിമാസ പെൻഷനുണ്ട്. ഇവർ ഇപ്പോൾ മകനൊപ്പമാണ് താമസം.