ഗുപ്​കർ സഖ്യത്തെ ഫാറൂഖ്​ അബ്​ദുള്ള നയിക്കും

Monday 26 October 2020 12:57 AM IST

ശ്രീനഗർ: ജമ്മു കാശ്​മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനഃസ്​ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഏഴു രാഷ്​ട്രീയ പാർട്ടികൾ സംയുക്തമായി ആരംഭിച്ച ഗുപ്​കർ സഖ്യത്തിന്റെ ചെയർമാനായി നാഷണൽ കോൺഫറൻസ്​ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ്​ അബ്​ദുള്ളയെ നിയമിച്ചു.

വൈസ്​ ചെയർമാനായി പി.ഡി.പി നേതാവ്​ മെഹബൂബ മുഫ്​തിയെയും തിരഞ്ഞെടുത്തു.

സി.പി.എം നേതാവ്​ യൂസഫ്​ തരിഗാമിയാണ്​ കൺവീനർ. പീപ്പിൾസ്​ കോൺഫറൻസ്​ നേതാവ്​ സജാദ്​​ ലോണാണ്​ വക്താവ്​. ലോക്​സഭാംഗം കൂടിയായ ഹസ്​നൈൻ മസൂദി കോ-ഓർഡിനേറ്റർ. ശ്രീനഗറിലെ മെഹബൂബ

മുഫ്​തിയുടെ വസതിയിൽ രണ്ടുമണിക്കൂറോളം ചേർന്ന യോഗത്തിൽ പുതിയ സമിതി ഭാരവാഹികളെ ഒറ്റക്കെട്ടായി തിരഞ്ഞെടുക്കുകയായിരുന്നു.

ഗുപ്​കർ സമിതി ഒരു ദേശീയ വിരുദ്ധ സമിതിയല്ലെന്നും കാശ്​മീരിനെതിരായ നീക്കങ്ങൾ തടയുകയാണ്​ ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കി. 'ഇതൊരിക്കലും ദേശീയ വിരുദ്ധ സമിതിയല്ല. ബി.ജെ.പി വിരുദ്ധ സമിതിയാണ്​. സഖ്യം ദേശവിരുദ്ധമാണെന്ന ബി​.ജെ.പിയുടെ പ്രചാരണം തെറ്റാണ്​." -ഫാറൂഖ്​ അബ്​ദുള്ള പറഞ്ഞു.

ദേശീയ പതാക പിടിക്കാൻ താത്പര്യമില്ലെന്നും കാശ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടുവരണമെന്നുമുള്ള മെഹബൂബയുടെ നിലപാട്​ പ്രത്യക്ഷമായി ദേശീയപതാകയെ ആക്ഷേപിക്കുന്നതാണെന്ന്​ കേന്ദ്ര നിയമ വകുപ്പ്​ മന്ത്രി രവിശങ്കർ പ്രസാദ്​ ആരോപിച്ചിരുന്നു.