സ്വർണം കടത്തിയത് എം എൽ എയ്ക്ക് വേണ്ടി, സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാഖിന് പങ്കുള്ളതായി സന്ദീപിന്റെ ഭാര്യയുടെ മൊഴി

Monday 26 October 2020 9:11 AM IST

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എം എല്‍ എയ്ക്കും കാരാട്ട് ഫൈസലിനും പങ്കുള്ളതായി പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ. റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്ന് സൗമ്യ നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ജൂലായ് എട്ടിനാണ് കസ്റ്റംസ് സൗമ്യയെ വിളിച്ച് മൊഴിയെടുത്തത്.സ്വര്‍ണക്കടത്ത് സ്വപ്‌നയുടെ ഒത്താശയോടുകൂടിയാണെന്നും യുവതി മൊഴിയില്‍ പറയുന്നു.സ്വര്‍ണക്കടത്തിനെ താൻ എതിര്‍ത്തപ്പോള്‍ സന്ദീപ് ഉപദ്രവിച്ചെന്നും സൗമ്യ മൊഴി നൽകിയിട്ടുണ്ട്.

സ്വപ്ന സുരേഷിനെ പുറത്ത് വിട്ടാല്‍ രാജ്യത്തിന് സാമ്പത്തിക ഭീഷണിയാണെന്ന് ചൂണ്ടികാട്ടി കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കസ്റ്റംസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൗമ്യയുൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയത്. കാരാട്ട് ഫൈസലിനെ മുമ്പ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.അതേസമയം സ്വർണക്കടത്ത് കേസുമായി തനിക്ക് ഒരരു ബന്ധവുമില്ലെന്ന് കാരാട്ട് റസാഖ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.