മോഹൻലാലും മമ്മൂട്ടിയുമടക്കം സുരേഷ് ഗോപിയ്ക്കായി മലയാള സിനിമ മുഴുവൻ ഒന്നിക്കുന്നു, വമ്പൻ പ്രഖ്യാപനം ഇന്ന് വൈകിട്ട് 6ന്
സൂപ്പർതാരം സുരേഷ് ഗോപിയ്ക്കായി മലയാള സിനിമ മുഴുവൻ ഒന്നിക്കുന്നു. താരത്തിന്റെ 250ആം ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഇന്ന് വൈകിട്ട് 6ന് നിർവഹിക്കും. ചിത്രത്തിന്റെ പേര് ഉടൻ പുറത്തുവിടുമെന്ന് ഏതാനും ആഴ്‌ചകൾക്ക് മുമ്പ് സുരേഷ് ഗോപി തന്നെ വ്യക്തമാക്കിയിരുന്നു.
ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ആരെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. എല്ലാത്തിനുമുള്ള ഉത്തരം ഇന്ന് വൈകിട്ട് 6ന് ആരാധകർക്ക് ലഭിക്കുമെന്നാണ് സൂചന.
പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം 'കടുവ'യുമായി സാമ്യമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കടുവാകുന്നേൽ കുറുവച്ചൻ എന്ന സുരേഷ് ഗോപി ചിത്രത്തിന് അടുത്തിടെ കോടതി വിലക്ക് ഏർപ്പെടുത്തുകയുണ്ടായി. നിധിൻ രഞ്ജി പണിക്കരുടെ 'കാവൽ' ആണ് നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം.