എന്റെ കഴിവുകളെ വച്ച് വേണം വിലയിരുത്താൻ: രാഹുൽ ഗാന്ധി

Sunday 26 August 2018 3:32 PM IST

ലണ്ടൻ: ഗാന്ധി കുടുംബത്തിൽ ജനിച്ചെന്ന് കരുതി തന്നെ കുറ്റപ്പെടുത്തരുതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. തന്നെ വിലയിരുത്തേണ്ടത് തന്റെ കഴിവ് അനുസരിച്ച് ആയിരിക്കണമെന്നും രാഹുൽ പറഞ്ഞു.

അച്ഛൻ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്നതിന് ശേഷം പിന്നീടൊരിക്കലും എന്റെ കുടുംബം അധികാരസ്ഥാനത്ത് ഇരുന്നിട്ടില്ല. എല്ലാവരും മറന്നു പോകുന്ന ഒരു കാര്യമാണിത്. ഗാന്ധി കുടുംബത്തിൽ ജനിച്ചു എന്ന നിലയില്ല നിങ്ങൾ എന്നെ വിലയിരുത്തേണ്ടത്. ഞാൻ പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കണം,​ ഏത് വിഷയത്തെ കുറിച്ചും നിങ്ങൾക്ക് എന്നോട് സംസാരിക്കും. അത് രാജ്യത്തിന്റെ വിദേശനയമോ,​ സമ്പദ്‌വ്യവസ്ഥയോ,​ വികസനമോ,​ കാർഷികരംഗമോ ആയിക്കോട്ടെ. ചോദ്യങ്ങളുമായി നിങ്ങൾ എന്നെ സമീപിക്കൂ. അതിന്ശേഷം എന്നെ വിലയിരുത്തൂ- ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.

15 വർഷത്തോളമായി ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമാണ് ‌ഞാൻ. മറ്റുള്ളവരുടെ ആശയങ്ങളെ മാനിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യുന്നയാളാണ് ഞാൻ. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ വളരുന്നതിന് ആർ.എസ്.എസ് തന്നെ വളരെയേറെ സഹായിച്ചിട്ടുണ്ടെന്ന് രാഹുൽ പരിഹാസ രൂപേണ പറഞ്ഞു.