കൽക്കരി കുംഭകോണ കേസ്; മുൻ കേന്ദ്രമന്ത്രി ദിലീപ് റായിയ്ക്ക് മൂന്ന് വർഷം തടവ്

Monday 26 October 2020 12:38 PM IST

ന്യൂഡൽഹി: 1999ലെ കൽക്കരി കുംഭകോണ കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റായിയെ മൂന്നുവർഷം തടവ് ശിക്ഷ. ദീലീപ് റായി അടൽ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിലെ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ജാർഖണ്ഡിൽ കൽക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അഴിമതി കേസിലാണ് അദ്ദേഹത്തെ സി.ബി.ഐ. കോടതി ശിക്ഷിച്ചിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന ഉൾപ്പടെയുളള കുറ്റങ്ങളാണ് ദിലീപ് റായിക്കെതിരെ ചുമത്തിയിരുന്നത്.

ദിലീപ് റായ്​ക്ക്​ പുറമെ ആ സമയത്ത് കല്‍ക്കരി മന്ത്രാലയം ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ് ഗൗതം എന്നിവരേയും മൂന്ന് വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഒക്ടോബർ പതിനാലിന് കോടതി ദിലീപ് റായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 1999ൽ ജാര്‍ഖണ്ഡിലെ ഗിരിധിയിലെ ബ്രഹ്മദിയ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നിരുന്നത്.