അറബിക്കടലിന് അഭിമുഖമായി സ്വപ്ന ഭവനം സ്വന്തമാക്കി നടൻ ഹൃത്വിക് റോഷൻ, വില കേട്ട് ഞെട്ടി ആരാധകർ
അറബിക്കടലിന് അഭിമുഖമായി മനോഹരമായ വിദൂരക്കാഴ്ച നൽകുന്ന സ്വപ്ന ഭവനം വൻ തുക മുടക്കി സ്വന്തമാക്കി നടൻ ഹൃത്വിക് റോഷൻ. ജുഹു - വെർസോവ ലിങ്ക് റോഡിലെ കൂറ്റൻ കെട്ടിടത്തിലെ 14,15,16 നിലകളിലുള്ള അപ്പാർട്ട്മെന്റുകളാണ് ഹൃത്വിക് റോഷൻ സ്വന്തമാക്കിയത്. മൂന്ന് നിലകളിലായി വ്യാപിച്ചു കിടക്കുന്ന രണ്ട് അപ്പാർട്ട് മെന്റുകൾക്കായി നടൻ ചെലവഴിച്ചത് 100 കോടി രൂപയാണ്.
38,000 ചതുരശ്ര അടിവിസ്തീർണമുള്ള രണ്ട് അപ്പാർട്ട്മെന്റുകൾ 97.50 കോടി രൂപയ്ക്കാണ് ഹൃത്വിക് വാങ്ങിയത്. അപ്പാർട്ട്മെന്റുകളിൽ ഒരെണ്ണം പെന്റ് ഹൗസാണ്. മറ്റേത് ഡ്യുപ്ലെക്സും. 6,500 ചതുരശ്രഅടിയിലുള്ള ഓപ്പൺ ടു സ്കൈ ടെറസും എക്സ്ക്ലൂസീവ് ലിഫ്റ്റും അപ്പാർട്ട്മെന്റുകളുടെ പ്രത്യേകതയാണ്.
മന്നത്ത് എന്നാണ് അപ്പാർട്ട്മെന്റുകൾ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ കെട്ടിടത്തിന്റെ പേര്. കെട്ടിടത്തിലെ പത്ത് പാർക്കിംഗ് സ്ലോട്ടുകൾ ഹൃത്വികിന് ഉപയോഗിക്കാം. കെട്ടിടത്തിന്റെ 15,16 നിലകളിലായി വ്യാപിച്ച് കിടക്കുന്ന 27,534.85 ചതുരശ്ര അടി വിസ്തൃതിയുള്ള ഡ്യുപ്ലെക്സിന് 67.50 കോടിയാണ് ഹൃത്വിക് മുടക്കിയത്.
14ാം നിലയിലുള്ള 11,165.82 ചതുരശ്രഅടി വിസ്തൃതിയിലുള്ള അപ്പാർട്ട്മെന്റിന് 30 കോടിയാണ് ചെലവായത്. 1.95 കോടി രൂപ സ്‌റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ചെലവായി. നേരത്തെ ജുഹുവിൽ കടലിന് അഭിമുഖമായി നിൽക്കുന്ന മറ്റൊരു കെട്ടിടത്തിലും ഹൃത്വിക് അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു. 8.25 ലക്ഷം രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക.