'സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്ന സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് ആർ.എസ്.എസ് നടത്തുന്നത്...': മുന്നാക്ക സംവരണ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം

Monday 26 October 2020 7:35 PM IST

തിരുവനന്തപുരം: മുന്നാക്ക സംവരണവിഷയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉള്ള കാര്യമാണെന്നും അതേ നയം തന്നെയാണ് സർക്കാർ പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള സംവരണം അതേപോലെ തുടരണം എന്ന നിലപാടാണ് എൽ.ഡി.എഫ് മുന്നോട്ട് വച്ചതെന്നും അത് തുടരുമ്പോൾ തന്നെ മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തണം എന്നുമാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

'സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ കൈപിടിച്ച് ഉയർത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ് ആർ.എസ്.എസ്‌ നടത്തികൊണ്ടിരിക്കുന്നത്....വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും ഇന്നുള്ള തോതിൽ സംവരണം തുടരുമെന്ന നയത്തിൽ എൽ.ഡി.എഫ് ഉറച്ചുനിൽക്കുന്നു... അതോടൊപ്പം മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുകയും വേണം...' പ്രകടന പത്രികയിൽ നിന്നുമുള്ള വാചകങ്ങൾ അദ്ദേഹം ഉദ്ധരിച്ചു.

ഇത്തരമൊരു സ്ഥിതി ഉണ്ടാകണമെങ്കിൽ ഭരണഘടനാ ഭേദഗതി അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർലമെന്റ് പാസാക്കിയ നിയമമാണ് ഇപ്പോൾ കേരളത്തിൽ നടപ്പാക്കുന്നതെന്നും അത് രാജ്യത്താകമാനം ബാധകമായ നിയമമാണെന്നും അദ്ദേഹം പറയുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവർ ഈ യാഥാർഥ്യം ഉൾക്കൊള്ളേണ്ടതുണ്ടെന്നും നിലവിൽ സംവരണമുള്ള ഒരു വിഭാഗത്തിന്റെയും ഈ നിയമം ഹനിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വത്തില്‍ ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്തതുകൊണ്ടാണ് ദേവസ്വത്തില്‍ നേരത്തെ അത് നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.