ഈ പണം ഞങ്ങളിങ്ങ് എടുക്കുവാ...പൊലീസ് പിടിച്ച പണം തട്ടിയെടുത്ത് ബി ജെ പി പ്രവർത്തകർ
ഹൈദരാബാദ്: ബി ജെ പി സ്ഥാനാർത്ഥിയുടെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് 18ലക്ഷം രൂപ പിടിച്ചെടുത്തു. ഈ പണവുമായി വീടിന് പുറത്തിറങ്ങിയ പൊലീസിന്റെ കൈയിൽ നിന്ന് ബി ജെ പി പ്രവർത്തകർ പണവും തട്ടിയെടുത്ത് ഓടി. തെലങ്കാനയിലെ ദുബ്ബക്കയിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ നടന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദുബ്ബക്കയിൽ പ്രചാരണ പ്രവർത്തനങ്ങൾ പൊടിപൊടിക്കുകയാണ്. ഇതിനിടയിലാണ് ബി ജെ പി സ്ഥാനാർത്ഥി രഘുനന്ദന്റെ ബന്ധുവീട്ടിൽ പണം ചിലർ എത്തിച്ചെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി. വീട്ടിനുളളിൽ കയറി നടത്തിയ പരിശോധനയിൽ 18.67 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചെങ്കിലും വീട്ടുകാർക്ക് വ്യക്തമായ ഉത്തരം നൽകാനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ വിവരമറിഞ്ഞ് കുറച്ച് ബി ജെ പി പ്രവർത്തകരും സ്ഥലത്തെത്തി.
പിടിച്ചെടുത്ത പണവുമായി ഉദ്യോഗസ്ഥർ വീടിന് പുറത്തെത്തിയപ്പോഴാണ് ഒരു സംഘം ബി ജെ പി പ്രവർത്തകർ പണവും തട്ടിയെടുത്ത് ഓടിയത്. ഇവരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 12.80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
സ്ഥാനാർത്ഥിക്കെതിരെ അന്വേഷണം തുടരുമെന്നാണ് പൊലീസ് പറയുന്നത്. ബി ജെ പിക്കാർ പണവും തട്ടിയെടുത്ത് ഓടുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വാേട്ടർമാർക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണ് പണം എന്നാണ് കരുതുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്ന സർക്കാർ പൊലീസിന്റെ സഹായത്തോടെ തങ്ങളെവേട്ടയാടുന്നു എന്നാണ് ബി ജെ പിയുടെ ആരോപണം.