'സി ബി ഐയുടെ ഒമ്പത് മണിക്കൂർ നീണ്ട 100 ചോദ്യങ്ങളെ നേരിടുമ്പോൾ ഒരിക്കൽ പോലും മോദി ക്ഷുഭിതനോ അസ്വസ്ഥനോ ആയില്ല, ഒടുവിൽ അന്വേഷണ ഉദ്യോഗസ്ഥന് ടീ ബ്രേക്കിനായി അപേക്ഷിക്കേണ്ടി വന്നു'
ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ചോദ്യം ചെയ‌്ത അനുഭവം പങ്കുവച്ച് സി ബി ഐ മുൻ ഡയറക്‌ടർ ആർ കെ രാഘവൻ. മോദിയെ ചോദ്യം ചെയ‌്ത സി ബി ഐയുടെ സ്പെഷ്യൽ ഇൻവസ്‌റ്റിഗേഷൻ ടീമിന്റെ (എസ് ഐ ടി) തലനായിരുന്നു ആർ കെ രാഘവൻ. ഒമ്പത് മണിക്കൂർ നീണ്ട മാരത്തൺ ചോദ്യം ചെയ്യലിൽ നൂറ് ചോദ്യങ്ങളെയാണ് മോദി നേരിട്ടതെന്ന് രാഘവൻ വെളിപ്പെടുത്തുന്നു.
സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് കലാപക്കേസ് അന്വേഷിക്കുന്നതിനായി 2002ലാണ് സി ബി ഐ ,സ്പെഷ്യൽ ഇൻവസ്‌റ്റിഗേഷൻ ടീമിന് രൂപം കൊടുത്തത്. രാജ്യത്ത് കോളിളക്കം സൃഷ്‌ടിച്ച നിരവധി അഴിമതിക്കേസുകൾ അന്വേഷിച്ച തമിഴ്നാട് സ്വദേശിയായ രാഘവന് തന്നെ ഇത്തവണയും നറുക്കു വീണു. ബൊഫോഴ്‌സ് അഴിമതി, 2000ലെ സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് മാച്ച് കേസ്, കാലിത്തീറ്റ അഴിമതി തുടങ്ങിയവയെല്ലാം ചില ഉദാഹരണങ്ങളാണ്.
നരേന്ദ്ര മോദിയെ ചോദ്യം ചെയ‌്തപ്പോഴുള്ള അനുഭവം തന്റെ പുതിയ പുസ്‌തകത്തിലൂടെയാണ് ആർ കെ രാഘവൻ വെളിപ്പെടുത്തിയിരിക്കുന്നത്. 'മുഖ്യമന്ത്രിയുടെ എല്ലാ പ്രിവിലേജുകളും ഉണ്ടായിരുന്നെങ്കിലും അന്വേഷണ സംഘത്തിന് മുന്നിൽ നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക ദൂതൻ വഴി ഞങ്ങൾ മോദിയെ അറിയിച്ചിരുന്നു. അല്ലാത്തപക്ഷം മുഖ്യമന്ത്രിക്ക് സി ബി ഐ പ്രത്യേക പരിഗണന നൽകി എന്ന് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടായേക്കാം എന്ന് ഞങ്ങൾ കരുതി.
സി ബി ഐയുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കിയ മോദി ഗാന്ധിനഗറിലെ എസ് ഐ ടി ഓഫീസിലേക്ക് നേരിട്ടുതന്നെയെത്തി. പിന്നീട് നടന്നത് ഒമ്പത് മണിക്കൂർ നീണ്ട മാരത്തൺ ചോദ്യം ചെയ്യലായിരുന്നു. ഞങ്ങളുടെ നൂറ് ചോദ്യങ്ങൾക്കും വളരെ ക്ഷമയോടെ തന്നെ അദ്ദേഹം മറുപടി നൽകി. ഞങ്ങൾ ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യലിനിടെ ഒരു കപ്പ് ചായ കുടിക്കാൻ പോലും നരേന്ദ്ര മോദി തയ്യാറായില്ല. വരുമ്പോൾ ഫ്ളാസ്‌കിൽ കൂടെ കരുതിയ ചൂടുവെള്ളം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ഒമ്പതു മണിക്കൂറും വളരെ കൂളായ മോദിയെയാണ് തനിക്ക് കാണാൻ കഴിഞ്ഞതെന്നാണ് സഹപ്രവർത്തകനും ടീം അംഗവുമായിരുന്ന അശോക് മൽഹോത്ര എന്നോട് പറഞ്ഞത്. ഒരു ചോദ്യം പോലും അവഗണിക്കാനോ ഉത്തരം പറയാതിരിക്കാനോ മോദി ശ്രമിച്ചില്ല.
എന്നാൽ മോദിയെക്കാളും മൽഹോത്രയ‌്ക്കാണ് ഇടവേള ആവശ്യമായി വന്നത് എന്നതാണ് രസകരമായ കാര്യം. ഇതു മനസിലാക്കിയതുകൊണ്ടോ അതല്ല ഞങ്ങളുടെ നിർബന്ധങ്ങൾക്ക് വഴങ്ങിട്ടാണോ എന്നറിയില്ല; ഒരു ലഞ്ച് ബ്രേക്കിന് നരേന്ദ്ര മോദി സമ്മതിച്ചു. അതായിരുന്നു ആ മനുഷ്യന്റെ ഊർജം'-പുസ്‌തകത്തിൽ ആർ കെ രാഘവന്റെ വാക്കുകൾ.
ദീർഘമായ അന്വേഷണങ്ങൾക്കൊടുവിൽ 2012ൽ സി ബി ഐ മോദിക്കും മറ്റ് 63 പേർക്കും ക്ളീൻചിറ്റ് നൽകി കേസ് അവസാനിപ്പിച്ചു. കുറ്റം സ്ഥാപിക്കുന്നതിനുള്ള തെളിവുകൾ ഒന്നും കണ്ടെത്താനായില്ല എന്നാണ് സി ബി ഐ തങ്ങളുടെ അന്വേഷണ റിപ്പോർട്ടിൽ കുറിച്ചത്. കേസന്വേഷണത്തെ 'ക്ളിനിക്കൽ ആന്റ് പ്രൊഫഷണൽ' എന്നാണ് ആർ കെ രാഘവൻ വിശേഷിപ്പിക്കുന്നത്. മോദിയെ കുറ്റവിമുക്തനാക്കിയ സി ബി ഐ റിപ്പോർട്ട് സംസ്ഥാനത്തും ഡൽഹിയിലുമുള്ള അദ്ദേഹത്തിന്റെ എതിരാളികളെ വളരെയധികം അസ്വസ്ഥരാക്കിയിരുന്നുവെന്ന് രാഘവൻ പുസ്‌തകത്തിൽ വ്യക്തമാക്കുന്നു. തുടർന്ന് അവരുടെ വിരോധം തന്നിലേക്ക് വഴിമാറിയെന്നും അദ്ദേഹം പറയുന്നു.