'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രിക്ക് കൊവിഡ്; രാംദാസ് അത്താവാലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: കൊവിഡ് മഹാവ്യാധി രാജ്യത്ത് പടർന്ന് തുടങ്ങിയ സമയത്ത് 'ഗോ കൊറോണ ഗോ' മുദ്രാവാക്യം വിളിച്ച് ശ്രദ്ധേയനായ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയ്‌ക്ക് കൊവിഡ് പോസിറ്റീവായെന്നും പ്രമേഹ രോഗ ബാധിതൻ കൂടിയായ അദ്ദേഹത്തെ മുൻകരുതലെന്ന നിലയ്‌ക്ക് ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ചൈനീസ് കോൺസുൽ ജനറലിനും ബുദ്ധസന്യാസിമാർക്കുമൊപ്പം പൊതുചടങ്ങിൽ വച്ച് 'ഗോ കൊറോണ ഗോ' എന്ന് മുദ്രാവാക്യം വിളിച്ചാണ് രാംദാസ് അത്താവാലെ പ്രശസ്‌തനായത്. താൻ പറഞ്ഞ മുദ്രാവാക്യം ഇപ്പോൾ ലോകം മുഴുവൻ ഏറ്റെടുത്തെന്ന് അത്താവാലെ മുൻപ് പറഞ്ഞിരുന്നു.
എൻ.ഡി.എയുടെ ഘടകകക്ഷിയായ റിപബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ(എ)യുടെ രാജ്യസഭാംഗമാണ് അറുപത്കാരനായ അത്താവാലെ. കഴിഞ്ഞ ദിവസവും പൊതുചടങ്ങിൽ മന്ത്രി പങ്കെടുത്തിരുന്നു. തിങ്കളാഴ്‌ച നടന്ന പത്രസമ്മേളനത്തിൽ നടി പായൽ ഖോഷിന് അത്താവാലെ പാർട്ടിയിൽ അംഗത്വം നൽകിയിരുന്നു. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക അധിക്ഷേപ പരാതി നൽകിയയാളാണ് പായൽ ഖോഷ്. കേസിൽ പായലിന് മന്ത്രി പരിപൂർണ പിന്തുണ നൽകിയിരുന്നു.