ചന്ദ്രനിൽ വെള്ളമുണ്ടെന്ന് നാസ, സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് 'സോഫിയ'
വാഷിംഗ്ടൺ: ചന്ദ്രനിൽ ജലത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന കണ്ടെത്തലുമായി നാസ. ചാന്ദ്രോപരിതലത്തിൽ വെള്ളത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് നാസയുടെ ഗവേഷണ വാഹനമായ സോഫിയയാണ് (സ്ട്രാറ്റോസ്‌ഫെറിക് ഒബ്സർവേറ്ററി ഫോർ ഇൻഫ്രാറെഡ് അസ്ട്രോണമി). ഇതാദ്യമായാണ് ജലസാന്നിദ്ധ്യം നാസ സ്ഥിരീകരിക്കുന്നത്. ചന്ദ്രനിലെ തണുത്തതും നിഴലുള്ളതുമായ സ്ഥലങ്ങളിൽ മാത്രമല്ല ഉപരിതലത്തിൽ ഉടനീളം ജലത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തലിൽ നിന്ന് വ്യക്തമാകുന്നത്. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന വലിയ ഗർത്തങ്ങളിൽ ഒന്നായ ക്ളാവിയസിലാണ് ജല തന്മാത്രകളെ കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടെത്തൽ പല പരീക്ഷണങ്ങൾക്കും വഴിവയ്ക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ നേരത്തേ ഹൈഡ്രജൻ കണ്ടെത്തിയിരുന്നു. എന്നാൽ ജലവും അതിന്റെ അടുത്ത രാസ ആപേക്ഷികവുമായ ഹൈഡ്രോക്സൈൽ തമ്മിൽ വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
നേരത്തെ കരുതിയിരുന്നതിനെക്കാൾ കൂടുതൽ ജലം ചാന്ദ്രോപരിതലത്തിൽ ഉണ്ടാകാമെന്നും നേച്ചർ അസ്ട്രോണമിയിൽ പ്രസിദ്ധീകരിച്ച പുതിയ രണ്ടു പഠന റിപ്പോർട്ടിൽ പറയുന്നു. വെള്ളം ഒരു റിസോഴ്സായി ഉപയോഗിക്കാൻ കഴിയുമോ എന്നുള്ള പരീക്ഷണം ശാസ്ത്രജ്ഞർ ആരംഭിച്ചു കഴിഞ്ഞു. നാസയുടെ ആർടെമിസ് പദ്ധതിയുടെ ഭാഗമായി 2024ൽ സ്ത്രീയെയും പുരുഷനെയും ചന്ദ്രനിലേക്ക് അയയ്ക്കുന്നുണ്ട്. പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പരീക്ഷണങ്ങളും ചാന്ദ്രോപരിതലത്തിലുണ്ടാകും.