'ശിവശങ്കർ ഒരു രോഗലക്ഷണം മാത്രമാണ്, മുഖ്യമന്ത്രിയാണ് രോഗം'; ഉളുപ്പുണ്ടെങ്കിൽ പിണറായി രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ്

Wednesday 28 October 2020 11:41 AM IST

തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്റ്റോടു കൂടി സ്വർണക്കടത്തിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കർ ഒരു രോഗലക്ഷണം മാത്രമാണ്, മുഖ്യമന്ത്രിയാണ് രോഗം. ഓരോ അഴിമതിയുടെയും പ്രഭവകേന്ദ്രം ഏതാണെന്ന് ജനങ്ങൾക്ക് മനസിലായി. അഴിമതി ചെയ്‌തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌താൽ മാത്രമേ വസ്‌തുതകൾ പുറത്തുവരികയുളളൂവെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി ഇനിയും കടിച്ചുതൂങ്ങാതെ അധികാരത്തിൽ നിന്ന് രാജിവച്ച് ഒഴിയണം. രാജിവച്ച് മുഖ്യമന്ത്രി നിയമത്തിന് കീഴടങ്ങണം. ഈ അറസ്റ്റോട് കൂടി പ്രതിപക്ഷം കേരളത്തിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഇതുപോലെ അപമാനിതനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ചെയ്‌തു കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്.

എം.എൽ.എമാർക്ക് പോലും കയറാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലുളളത്. എന്നാൽ എല്ലാ കളളക്കടത്തുകാരും അവിടെ കയറിയിറങ്ങി. ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.