ഭാര്യാവീട്ടിൽ പോകാതെ അല്ലുവിന്റെ ആഘോഷം
എല്ലാ വിജയദശമിയും ഭാര്യ സ്നേഹാറെഡ്ഢിയുടെ വീട്ടിൽ ആഘോഷിക്കുന്ന തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ ഇത്തവണ ആ പതിവ് തെറ്റിച്ചു. ഭാര്യയ്ക്കും മക്കളായ അർഹായ്ക്കും അയാനുമൊപ്പം സ്വന്തം വീട്ടിൽ ത്തന്നെയായിരുന്നു ഇക്കുറി അല്ലുവിന്റെ വിജയദശമി ആഘോഷം.
കൊവിഡ് - 19 വ്യാപനത്തെ തുടർന്നാണ് അല്ലു ഇത്തവണ ആഘോഷത്തിനായുള്ള ഭാര്യാഗൃഹ സന്ദർശനം ഒഴിവാക്കിയതത്രെ.
വിജയദശമി ആഘോഷിച്ച ശേഷം അല്ലു പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് കുടുംബത്തോടൊപ്പം നില്ക്കുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിലാണ് അല്ലു ഇനി അഭിനയിക്കുന്നത്. പോയ വർഷം പ്രഖ്യാപിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും തുടങ്ങിയിട്ടില്ല. രശ്മിക മന്ദാനയാണ് പുഷ്പയിൽ അല്ലുവിന്റെ നായികയാകുന്നത്.
സുകുമാർ സംവിധാനം ചെയ്ത ആര്യയാണ് അല്ലുവിനെ താരമാക്കുന്നത്. ബാലതാരമായി വിജേതയിലും ഡാഡി എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തും പ്രത്യക്ഷപ്പെട്ട അല്ലു ആദ്യം നായകനാകുന്നത് ഗംഗോത്രി എന്ന ചിത്രത്തിലാണ്.
ആര്യയ്ക്ക് പിന്നാലെ വന്ന ബണ്ണി, ഹാപ്പി എന്നീ ചിത്രങ്ങളുടെ തകർപ്പൻ വിജയം അല്ലുവിന്റെ താരസിംഹാസനമുറപ്പിച്ചു. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഈ ചിത്രങ്ങൾ ഇവിടെയും സൂപ്പർഹിറ്റായി. കേരളത്തിലെ ആരാധകർ സ്നേഹപൂർവം അല്ലുഅർജുൻ 'മല്ലു" അർജുൻ എന്ന വിളിപ്പേരും നൽകി.
പ്രശസ്ത നിർമ്മാതാവും വിതരണക്കാരനുമായ അല്ലു അരവിന്ദിന്റെയും നിർമ്മലയുടെയും മകനാണ്.
അല്ലുവിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ അല വൈകുണ്ഠ പുരമുലോ (അങ്ങ് വൈകുണ്ഠപുരത്ത്) ബാഹുബലി കഴിഞ്ഞാൽ തെലുങ്കിൽ ഏറ്റവും വലിയ വിജയം നേടിയചിത്രമാണ്.