ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെ പാകിസ്ഥാനെ കൂട്ടുപിടിച്ച് ചൈന, 40 വർഷങ്ങൾക്ക് ശേഷം വീണ്ടും പാക് സിനിമ ചൈനീസ് തിയേറ്ററുകളിൽ

Wednesday 28 October 2020 6:56 PM IST

ന്യൂഡൽഹി : 40 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി ഒരു പാകിസ്ഥാനി സിനിമ രാജ്യത്ത് റിലീസ് ചെയ്യാൻ ഒരുങ്ങി ചൈന. 1951 മേയിൽ ആരംഭിച്ച പാകിസ്ഥാൻ - ചൈന നയതന്ത്രബന്ധത്തിന്റെ 70ാം വാർഷികത്തോടനുബന്ധിച്ചാണ് തീരുമാനം. ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെയാണിത്.

' പർവാസ് ഹേ ജുനൂൻ ' എന്ന ചിത്രം നവംബർ 13നാണ് ചൈനയിൽ റിലീസ് ചെയ്യുന്നത്. പാകിസ്ഥാനിൽ 2018ലാണ് ഈ മിലിട്ടറി ആക്ഷൻ ചിത്രം റിലീസ് ചെയ്തത്. ചൈനീസ് സ്വയംഭരണ പ്രദേശമായ ഷിൻജിയാംഗ് പ്രവിശ്യയോടുള്ള പാക് നിലപാടിനെ ചൈനീസ് വക്താവ് സാവോ ലിജിയാൻ അഭിനന്ദിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.

ലക്ഷക്കണക്കിന് ഉയിഗർ മുസ്ലീം വംശജരെ ചൈനീസ് ഭരണകൂടം ചൂഷണം ചെയ്യുന്ന ഷിൻജിയാംഗ് പ്രവിശ്യയെ കുറിച്ച് തങ്ങൾക്ക് ആശങ്കകളില്ലെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. പാകിസ്ഥാനിലെ മികച്ച ഫൈറ്റർ പൈലറ്റുകളായി മാറുന്ന യുവാക്കളുടെ കഥയായ ' പർവാസ് ഹേ ജുനൂൻ ' പാക് എയർഫോഴ്സിനുള്ള ആദരമായാണ് റിലീസ് ചെയ്തത്. പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രമാണിത്.