കൊവിഡ് കാലത്ത് പ്രവാചക വചനങ്ങൾ പ്രസക്തം: കെ.മുരളീധരൻ എം പി

Thursday 29 October 2020 1:40 AM IST

തിരുവനന്തപുരം: പകർച്ചവ്യാധി ഒരു നാട്ടിൽ ഉണ്ടായാൽ അവിടെ വസിക്കുന്നവർ ആ നാട്ടിൽ നിന്നും മറ്റുള്ള സ്ഥലങ്ങളിലേക്കോ മറ്റു സ്ഥലങ്ങളിൽ ഉള്ളവർ ആ നാട്ടിലേക്കോ യാത്ര ചെയ്യാൻ പാടുള്ളതല്ല എന്ന് 1400 വർഷങ്ങൾക്ക് മുന്നേ പ്രവാചകൻ പറഞ്ഞിട്ടുള്ളതാണ്. സാമൂഹിക അകലം പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും നബി പറഞ്ഞിട്ടുണ്ട്. അതിന്നും പ്രസക്തമാണെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. നന്ദാവനം പാണക്കാട് ഹാളിൽ കേരള സഹൃദയ വേദി മിലാദി ശരീഫിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച 'കൊവിഡ് കാലത്തെ പ്രവാചക വചനങ്ങൾ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാളയം ഇമാം ഷുഹൈബ് മൗലവി വിഷയാവതരണം നടത്തി. കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിംഗിൽ എം ടെക്കിന് രണ്ടാം റാങ്ക് നേടിയ വേദി കുടുംബാംഗം ഇഷ്ഫാഖ്. എം.ഷഫീക്കിനെ ചടങ്ങിൽ അനുമോദിച്ചു. വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. പന്ന്യൻ രവീന്ദ്രൻ, കെ.എസ്. ഹംസ,പെർഫെക്ട് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഡ്വ. എം.എ. സിറാജുദീൻ,തോന്നയ്ക്കൽ ജമാൽ, അഡ്വ.കണിയാപുരം ഹലിം, വേദി ആക്ടിംഗ് സെക്രട്ടറി ഷൈല എം.പി എന്നിവർ സെമിനാറിൽ പങ്കെടുത്തു.