റംസിക്കേസിൽ ഹാരിസിന്റെ ജാമ്യാപേക്ഷ മാറ്റി
കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യാ കേസിൽ റിമാൻഡിലുള്ള പ്രതിശ്രുതവരൻ ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നവംബർ നാലിലേക്ക് മാറ്റി. കേസ് ഡയറി കോടതിയിലെത്താതിരുന്നതാണ് കേസ് മാറ്റാൻ ഇടയാക്കിയത്. ഹാരിസ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് റംസി ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് റംസിയുമായി വർഷങ്ങളായി പ്രണയത്തിലായിരുന്ന ഹാരിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹാരിസിന്റെ മാതാവ് ആരിഫാ ബീവി, സഹോദരൻ അസറുദ്ദീൻ, അസറുദ്ദീന്റെ ഭാര്യയും സീരിയൽ നടയുമായ ലക്ഷ്മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർക്ക് നേരത്തെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയുള്ള ക്രൈം ബ്രാഞ്ച് അപ്പീലിൽ നടിയും കൂട്ടരും അടുത്ത മാസം 11നകം വിശദീകരണം നൽകണം. നോട്ടീസിൽ പ്രതികളുടെ വിശദീകരണത്തിന് ശേഷം കേസിന്റെ തുടർ നടപടികളിൽ ഹൈക്കോടതി തീരുമാനമെടുക്കും.