വൃദ്ധയെ ഉപദ്രവി​ച്ച എ ബി​ വി​ പി​ നേതാവി​ന് ഉന്നത പദവി:​ ബി​ ജെ പി​ പ്രവർത്തകർക്കുളള പ്രചോദനമോ? വി​മർശനം

Thursday 29 October 2020 10:31 AM IST

ചെന്നൈ: അയൽവാസിയായ വൃദ്ധയെ ഉപദ്രവിച്ചെന്ന് ആരോപണം നേരിടുന്ന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) നേതാവിനെ മധുരയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ്(എയിംസ്) ബോർഡിലേക്ക് നിയമിച്ചു. അർബുദ രോഗ ചികിത്സാ വിദഗ്ദ്ധനായ ഡോ. സുബ്ബയ്യ ഷൺമുഖത്തെയാണ് എയിംസ് ബോർഡിലേക്ക് നിയമിച്ചത്.

അയൽക്കാരിയും സുബ്ബയ്യയും തമ്മിൽ പാർക്കിംഗ് തർക്കമുണ്ടായിരുന്നു. വൃദ്ധയുടെ വീടിന് മുന്നിൽ മൂത്രമൊഴിക്കുകയും, ഉപയോഗിച്ച മാസ്‌കുകൾ വലിച്ചെറിയുകയും ചെയ്തുവെന്നായിരുന്നു ഡോക്ടർക്കെതിരെയുള്ള കേസ്. കൂടാതെ വീടിന് മുൻവശത്തു നിന്നും സ്വയം ഭോഗം ചെയ്തതായും, വെജിറ്റേറിയൻ ആണെന്ന് അറിഞ്ഞിട്ടും ചിക്കൻ വേണോ എന്ന് ചോദിക്കുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വൃദ്ധ പരാതി പിൻവലിച്ചു.

അതേസമയം നേതാവിനെ എയിംസ് ബോർഡിലേക്ക് തിരഞ്ഞെടുത്തതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. മോശം പെരുമാറ്റത്തിനുള്ള അംഗീകാരം.ബി ജെ പി പ്രവ‌ത്തകർക്ക് പിന്തുടരാനുള്ള പ്രചോദനമാണോ സുബ്ബയ്യ ഷൺമുഖത്തിനുള്ള പുതിയ നിയമനം എന്ന് ഡി എം കെ എം.പി കനിമൊഴിയും ട്വിറ്ററിലൂടെ ചോദിക്കുന്നു.