'ആ പൂതി ഇപ്പോൾ നടക്കാൻ പോകുകയാണ്'; ശിവശങ്കറിന്റെ അറസ്‌‌റ്റോടെ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷനേതാവ്

Thursday 29 October 2020 11:39 AM IST

തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്‌റ്റോടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണവും വരട്ടെയെന്നും ഉപ്പ് തിന്നവൻ വെള‌ളം കുടിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു, ഇപ്പോൾ ആരാണ് വെള‌ളം കുടിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. 'ശിവശങ്കറിന്റെ അറസ്‌റ്റിനെ കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള‌ളത്. അദ്ദേഹത്തിന്റെ ഓഫീസിലുള‌ളവരിലേക്ക് ഈ അന്വേഷണം നീളുമെന്ന് കേൾക്കുന്നു, ശിവശങ്കറിനെ വിവാദ സ്‌ത്രീയുമായി വഴി വിട്ട ബന്ധം ഉണ്ടായപ്പോഴാണ് മാ‌റ്റി നിർത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞത്.' ചെന്നിത്തല പറഞ്ഞു.

താൻ പറഞ്ഞ ഓരോ ആരോപണവും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കി. ഇ-മൊബിലി‌റ്റി പദ്ധതി, ബെവ്കോ പദ്ധതി. പമ്പാ മണൽകടത്ത് തുടങ്ങിയവയെ കുറിച്ച് ആരോപണം ഉന്നയിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ശിവശങ്കറിനെ മാ‌റ്റാൻ കത്ത് നൽകിയിരുന്നു എന്നിട്ടും മുഖ്യമന്ത്രി മാറ്റിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

വിവാദ സ്‌ത്രീയെ തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി തുടക്കം മുതലേ പറഞ്ഞത്. മുഖ്യമന്ത്രിയെ സ്വപ്‌ന സുരേഷ് ആറ് തവണ കണ്ടിട്ടുണ്ട്. കണ്ടതിന്റെ തെളിവ് പുറത്ത്‌ വിടാതിരിക്കാനാണ് ക്ളിഫ്ഹൗസിലെ ക്യാമറ ഇടിവെട്ടി പോയി എന്ന് പറയുന്നത്. എസ്.എസ്.എൽസി പാസാകാത്ത സ്വപ്‌നയ്ക്ക് ഐ.ടി വകുപ്പിൽ നിയമനം നൽകിയത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞിരുന്നു. പിന്നീട് ശിവശങ്കർ പറഞ്ഞിട്ടാണ് നിയമനം നടന്നതെന്ന് തെളിഞ്ഞിരിക്കുകയാണ്.

തുടക്കംമുതലേ സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ഇടപെടലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വഴിവിട്ട ഇടപെടലുമുണ്ട്. ഒന്നിലും പങ്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് എങ്ങനെയാണ്? ശിവശങ്കർ അഞ്ചാം പ്രതിയായതോടെ അടുത്ത അന്വേഷണം പിണറായി വിജയന് നേരെ വരാൻ പോകുകയാണ്. പിണറായി വിജയൻ കേസിൽ ഒന്നാം പ്രതിയായി മാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.