ചെന്നൈയിലും അയൽജില്ലകളിലും കനത്ത മഴ; നഗരത്തിന്റെ പലഭാഗങ്ങളും വെളളത്തിനടിയിൽ

Thursday 29 October 2020 12:56 PM IST

ചെന്നൈ: ചെന്നൈയിൽ കനത്ത മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. നഗരത്തിന്റെ പലഭാഗങ്ങളും വെളളത്തിനടിയിലായി. ഏഷ്യയിലെ ഏറ്റവും വലിയ പഴം,പച്ചക്കറി മാർക്കറ്റായ കോയമ്പേട് മാർക്കറ്റിന് സമീപം പ്രധാനപാതയിൽ വെളളം കയറി.

ചെന്നൈയുടെ അയൽ ജില്ലകളായ ചെങ്കൽപെട്ട്, തിരുവളളൂർ, കാഞ്ചിപുരം എന്നിവിടങ്ങളിലും മഴ തുടരുകയാണ്. അടുത്ത രണ്ട് മണിക്കൂർ കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർച്ചയായി മണിക്കൂറുകൾ മഴ പെയ്യുന്നത് നഗരത്തിൽ അപൂർവമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്കജനകമായി തുടരുന്നതിനിടെയാണ് കനത്ത മഴ കൂടി എത്തിയിരിക്കുന്നത്. ഇതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ദുഷ്‌കരമായിരിക്കുകയാണ്. നഗരത്തിലെ ഗതാഗതവും താറുമാറായിരിക്കുകയാണ്.