ആശുപത്രി ശുചിമുറിയിലെ ടൈൽസിന്റെ നിറം മാറ്റണം, വ്യത്യസ്ത ആവശ്യവുമായി സമാജ് വാദി പാർട്ടി

Thursday 29 October 2020 3:59 PM IST

ഗോരഖ്പൂർ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ റെയില്‍വേ ആശുപത്രിയിലെ ശുചിമുറിയില്‍ ചുവപ്പും പച്ചയും ടൈലുകള്‍ ഉപയോഗിക്കുന്നതിനെ എതിർത്ത് സമാജ് വാദി പാര്‍ട്ടി രംഗത്ത്. അതേ നിറമുള്ള പാര്‍ട്ടി പതാകയെ അപമാനിക്കുന്നതാണ് നടപടിയെന്നാണ് പാർട്ടി പ്രവർത്തകർ പറഞ്ഞത്.

സമാജ് വാദി പാര്‍ട്ടി നേതാക്കളും തൊഴിലാളികളും ഇന്ന് രാവിലെ ഗോരഖ്പൂരിലെ പാര്‍ട്ടി ഓഫീസില്‍ ഒത്തുകൂടി, ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ലളിത് നാരായണ്‍ മിശ്ര റെയില്‍വേ ആശുപത്രിയിലെ ശുചിമുറിയില്‍ ചുവപ്പും പച്ചയും ടൈലുകള്‍ ഉപയോഗിച്ചതായി പാര്‍ട്ടി നേതാവ് പറഞ്ഞു.

''ഞങ്ങളുടെ പാര്‍ട്ടി പതാകയെ അപമാനിക്കുന്നത് ഞങ്ങള്‍ സഹിക്കില്ല, റെയില്‍വേ ഭരണകൂടം ഇത് മാറ്റണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവർക്കെതിരെ ജില്ലാ ഭരണകൂടം നടപടി എടുക്കണം. 3-4 മാസം മുമ്പാണ് ശുചിമുറി നിര്‍മ്മിച്ചതെങ്കിലും ബുധനാഴ്ചയാണ് ഇത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്'', എസ്.പി ജില്ലാ പ്രസിഡന്റ് രാം നാഗിന സാഹിനി പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്നും സാഹിനി പറഞ്ഞു.