'വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല' ; പുനഃസംഘടനയിലെ അതൃപ്തി തുറന്ന് പറഞ്ഞ് ശോഭാ സുരേന്ദ്രന്‍

Thursday 29 October 2020 4:39 PM IST

പാലക്കാട്: പാര്‍ട്ടി പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രന്‍. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല. കാര്യങ്ങള്‍ ഒളിച്ചുവെയ്ക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കവേയാണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ തന്റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് പുനഃസംഘടന നടന്നത്. അതൃപ്തി ഉണ്ട് അത് മറച്ചുവക്കാനില്ല. പൊതു പ്രവര്‍ത്തനം തുടരുമെന്നും ശോഭാ സുരേന്ദ്രന്‍ വിശദീകരിച്ചു.

പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതി ഉണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് അത് സ്ഥിരീകരിച്ച് ശോഭാ സുരേന്ദ്രന്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. കുമ്മനം, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളെ തഴഞ്ഞ് എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡണ്ടാക്കിയതില്‍ ഗ്രൂപ്പിന് അതീതമായി ബി.ജെ.പിക്ക് അകത്ത് വലിയ അതൃപ്തിയാണ് നിലവിലുള്ളത്. പുനഃസംഘടന തീരുമാനത്തില്‍ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് പോലും വിട്ട് നില്‍ക്കുന്ന അവസ്ഥയും ഉണ്ട്.