മാറ്റത്തിന്റെ കാലമെന്ന് ഭരണപക്ഷം; കൂടിയാലോചനയില്ലെന്ന് പ്രതിപക്ഷം

Friday 30 October 2020 12:04 AM IST
ഉദ്ഘാടനത്തിനൊരുങ്ങി നിൽക്കുന്ന കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം

കൂത്തുപറമ്പ്: അഞ്ചു വർഷക്കാലം വലിയമാറ്റം കൂത്തുപറമ്പിന് സംഭവിച്ചിട്ടുണ്ടെന്ന് കാണുന്നവർ ഒന്നടങ്കം പറയും.

കൂത്തുപറമ്പിന്റെ ചിരകാല സ്വപ്നമായ പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന്റെ കുരുക്കഴിക്കാനും ശിലാസ്ഥാപനം നിർവ്വഹിക്കാനും സാധിച്ചു. തലശ്ശേരി-കൂർഗ് അന്തർ സംസ്ഥാന പാതക്കരുകിൽ പത്തര ഏക്കർ സ്ഥലം വിലയ്ക്കെടുത്താണ് പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്. നിലവിലുള്ള ബസ് സ്റ്റാൻഡിൽ ആധുനിക കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചു.അതിന്റെ ചുമതല കുടുംബശ്രീയെ ഏൽപ്പിച്ചു.

ദേശീയനിലവാരത്തിലുള്ള സ്റ്റേഡിയം നവീകരണമാണ് പ്രധാനപ്പെട്ട പദ്ധതികളിലൊന്ന്. ഇതിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണുള്ളത്. ജനകീയ പങ്കാളിത്തത്തോടെ താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയ ഡയാലിസിസ് യൂണിറ്റും മാതൃകയാണ്. പത്ത് മെഷീനുകളാണ് ഇവിടെ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നത്. നഗരസഭയിലും പരിസരങ്ങളിലുമുള്ള നിർദ്ധന രോഗികൾക്ക് ഇതുവഴി സൗജന്യസേവനം ലഭിക്കുന്നുണ്ട്.

ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന റിംഗ് റോഡാണ് മറ്റൊരു പ്രധാന പദ്ധതി. 32 കോടിയോളം രൂപ ചിലവിലാണ് ടൗണിന് സമീപത്തെ ബൈപാസ് റോഡുകൾ നവീകരിക്കുന്നത്. കാലപ്പഴക്കത്തെ തുടർന്ന് ശോചനീയാവസ്ഥയിലായ ടൗൺ ഹാൾ ഏഴുകോടി ചിലവിട്ട് പുനരുദ്ധരിക്കുന്നതും നേട്ടമാണ്.

നഗരസഭയിൽ കാർഷിക കർമ്മ സേന പ്രവർത്തിക്കുന്നുണ്ട്. സംയോജിത കൃഷി രീതികൾ പുതിയ തലമുറയെ പഠിപ്പിക്കുന്നതിന് വേണ്ടി മൂന്ന് ഫാംസ്ക്കൂളുകളും മാതൃകയമാണ്. തരിശുനില കൃഷി വ്യാപന , വിഷ രഹിത പച്ചക്കറി വ്യാപനം, കേരഗ്രാമം പദ്ധതി എന്നിവയും സജീവമാണ്. വനിത ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന ഷി ലോഡ്ജ്, നഗരസഭാ ഓഫീസിൽ ആധുനിക ഫ്രണ്ട് ഓഫീസ്, വൺ സ്റ്റോപ്പ് ക്രൈസിസ് സെന്റർ, സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതി എന്നിവയും നിലവിലുള്ള കൗൺസിലിന്റെ പ്രധാന നേട്ടങ്ങളാണ്.

നഗരസഭയുടെ തനത് പദ്ധതികൾ, എം.എൽ.എ.ഫണ്ട്, കിഫ് ബി, നബാർഡ് എന്നിവയിൽ നിന്നുള്ളതടക്കം നൂറ് കോടിയിലേറെ രൂപയുടെ വികസന പദ്ധതികളാണ് നഗരസഭയിൽ പൂർത്തിയായി വരുന്നത്. നഗരവാസികളുടെ മുഴുവൻ പിന്തുണയും നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസവുമുണ്ട്

ചെയർമാൻ എം. സുകുമാരൻ

നഗരസഭാതലത്തിൽ പദ്ധതികൾ ആവിഷ്ക്കരിക്കുമ്പോഴും, തീരുമാനങ്ങളെടുക്കുമ്പോഴും പ്രതിപക്ഷത്തെ മുഖവിലക്കെടുക്കുന്നില്ല. പരിഹരിക്കാൻ പറ്റുമായിരുന്ന പ്രശ്നങ്ങൾ കോടതിയിലെത്തിച്ചതാണ് ബസ് സ്റ്റാൻഡ് നിർമ്മാണം നീണ്ടുപോകാൻ ഇടയാക്കിയത്. ആധുനിക രീതിയിലുള്ള അറവ് ശാല നിർമ്മിക്കാൻ വർഷങ്ങൾക്ക് മുൻപ തീരുമാനിച്ചിരുന്നെങ്കിലും ഇനിയും നടപടികൾ ആരംഭിച്ചിട്ടില്ല. അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും ക്ഷേമപെൻഷനുകൾ ലഭ്യമാക്കാൻ നഗരസഭക്ക് സാധിച്ചിട്ടില്ല' വി.ബി.അഷറഫ് ( കോൺഗ്രസ്സ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്)

കൂത്തുപറമ്പ് നഗരസഭ

ആകെ വാർഡ് 28

എൽ.ഡി.എഫ് 27

യു.ഡി.എഫ് 1