മാക്രോണിനെതിരെയുള്ള ആക്രമണം അനുവദിക്കാനാകില്ലെന്ന് ഇന്ത്യ, നന്ദിയറിയിച്ച് ഫ്രാൻസ്

Thursday 29 October 2020 9:00 PM IST

പാരീസ് : ഫ്രാൻസിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ ഇമ്മാനുവൽ ലെനെയ്ൻ. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കും ഫ്രാൻസിനും എല്ലായ്പ്പോഴും പരസ്പരം ഒന്നിച്ച് നിൽക്കാൻ സാധിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇമ്മാനുവൽ മാക്രോണിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, തുർക്കി പ്രസിഡന്റ് എന്നിവർ മാക്രോണിനെതിരെ നടത്തിയ പരാമർശങ്ങളെ ഇന്ത്യ വിമർശിക്കുകയും ചെയ്തിരുന്നു.

മാക്രോണിനെതിരെയുള്ള വ്യക്തിപരമായ ആക്രമണവും അധിക്ഷേപകരമായ വാക്കുകളുടെ ഉപയോഗവും അനുവദിക്കാനാകില്ലെന്നും അത് അന്താരാഷ്ട്രതലത്തിലെ അന്തസിന് യോജിച്ചതല്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.