ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കേശുഭായ് പട്ടേൽ (93) അന്തരിച്ചു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അഹമ്മദാബാദിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സെപ്തംബറിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗമുക്തനായെങ്കിലും ആരോഗ്യപരമായ നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്നു. പ്രോസ്‌റ്റേറ്റ് കാൻസർ ബാധിതനുമായിരുന്നു.
1995 മാർച്ചിലാണ് കേശുഭായ് പട്ടേൽ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രി കസേരയിലെത്തുന്നത്. എന്നാൽ, ആറ് മാസം തികയും മുമ്പെ സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട് 1998 മുതൽ 2001 വരെ വീണ്ടും മുഖ്യമന്ത്രിയായി.
ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 2012ൽ ബി.ജെ.പിയിൽ നിന്ന് തെറ്റി പിരിഞ്ഞ് ‘ഗുജറാത്ത് പരിവർത്തൻ പാർട്ടി’ രൂപീകരിച്ചു.
2014ൽ ബി.ജെ.പിയിലേക്ക് തിരിച്ചെത്തി.
കേശുഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഗുജറാത്തിന്റെ വളർച്ചയ്‌ക്കും അവിടുത്തെ ജനങ്ങൾക്കും വേണ്ടി ജീവിതം സമർപ്പിച്ച നേതാവാണ് കേശുഭായ് പട്ടേൽ എന്ന് മോദി പറഞ്ഞു.