വൊഡാഫോൺ-ഐഡിയയ്ക്ക് വരുമാനത്തകർച്ച, തിരിച്ചടിയായി ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക്
ബംഗളൂരു: വൊഡാഫോൺ-ഐഡിയയുടെ പ്രവർത്തനവരുമാനം നടപ്പുസാമ്പത്തിക വർഷത്തെ ജൂലായ്-സെപ്‌തംബർ പാദത്തിൽ 10,791 കോടി രൂപയായി കുറഞ്ഞു. മുൻവർഷത്തെ സമാനപാദത്തിൽ 10,844 കോടി രൂപയുടെ വരുമാനം കമ്പനി നേടിയിരുന്നു. ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കാണ് കമ്പനിയെ വലയ്ക്കുന്നത്.
31.11 കോടി ഉപഭോക്താക്കൾ 2019 സെപ്‌തംബർ പാദത്തിൽ കമ്പനിക്കുണ്ടായിരുന്നു. ഈവർഷത്തെ സമാനപാദത്തിൽ അത് 27.18 കോടിയായി താഴ്‌ന്നു. ഫൈബർശൃംഖലയിലെ പ്രശ്‌നങ്ങളെ തുടർന്ന് അടുത്തിടെ കാൾ, ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടതും വ്യാപക ഉപഭോക്തൃ പരാതിക്ക് ഇടയാക്കിയിരുന്നു. നടപ്പുവർഷം ആദ്യപാദത്തിൽ കമ്പനിക്ക് 27.98 കോടി വരിക്കാരുണ്ടായിരുന്നു.
കഴിഞ്ഞമാസമാണ് വൊഡാഫോണും ഐഡിയയും പ്രവർത്തനം ലയിപ്പിച്ച് 'വീ" എന്ന പുതുബ്രാൻഡായത്. കഴിഞ്ഞപാദത്തിൽ കമ്പനിയുടെ പ്രതി ഉപഭോക്തൃ വരുമാനം (എ.ആർ.പി.യു) 107 രൂപയിൽ നിന്ന് 119 രൂപയായി ഉയർന്നു. ഇന്നലെ ഓഹരി വ്യാപാരം അവസാനിച്ച ശേഷമാണ് കമ്പനി രണ്ടാംപാദ പ്രവർത്തനഫലം പുറത്തുവിട്ടത്. വ്യാപാരാന്ത്യം ഓഹരിവിലയുള്ളത് 3.46 ശതമാനം നഷ്‌ടത്തോടെ 8.38 രൂപയിലാണ്.