മാസ്കിട്ടാൽ ചിഹ്നമറിയാം ഇലക്ഷൻ പ്രചാരണത്തിന് മാസ്ക് താരമാകും

Friday 30 October 2020 1:30 AM IST

തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേറിട്ട് നിൽക്കുന്നത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പതിപ്പിച്ച മാസ്കുകളാണ്. ചിഹ്നങ്ങൾ മാത്രമല്ല ചെഗുവേരയും മോദിയും പിണറായിയും ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളുടെ ചിത്രമുള്ള മാസ്കുകളും അണിയറയിൽ തയാറാകുന്നുണ്ട്.

തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള സുലൈമാന്റെ സ്‌ക്രീൻ പോയിന്റ് എന്ന സ്‌ക്രീൻ പ്രിന്റിംഗ് സ്ഥാപനത്തിലെത്തി ആവശ്യമറിയിച്ചാൽ രണ്ടു ദിവസത്തിനകം മാസ്ക് റെഡി. രാഷ്ട്രീയ പാർട്ടികൾക്കും അണികൾക്കും വേണ്ട കൊടികൾ, സമ്മേളനത്തിനുള്ള തൊപ്പികൾ, ബാഡ്ജുകൾ,തോരണം,സ്‌ക്രീൻ പ്രിന്റിംഗിനുള്ള അസംസ്‌കൃത വസ്തുക്കൾ, സ്‌പെയർ പാർട്സുകൾ തുടങ്ങിയവയുടെ കച്ചവടമായിരുന്നു സുലൈമാന്. കാെവിഡെത്തിയതോടെ ഇത് ലോക്ക്ഡൗണിലായി. കട തുറന്നിട്ടും കച്ചവടമൊന്നുമില്ലാതായതോടെയാണ് ട്രാക്ക് ഒന്ന് മാറ്റിപിടിക്കാൻ സുലൈമാന് തോന്നിയത്. അങ്ങനെ ചെന്നെത്തിയതാകട്ടെ മാസ്‌കിലും. അതത് പാർട്ടികളുടെ കളർ സ്‌കീമിൽ അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സ്‌ക്രീൻ പ്രിന്റ് ചെയ്‌തെടുത്ത നല്ല സുന്ദരൻ മാസ്‌കുകളാണ് മണക്കാട് സ്വദേശിയായ സുലൈമാൻ തയാറാക്കുന്നത്. ഇദ്ദേഹത്തിന് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക ചായ്‌വില്ല.പാർട്ടി ചിഹ്നം പതിപ്പിച്ച മാസ്‌ക് പതിനഞ്ചു മുതൽ മുപ്പതു വരെ രൂപയ്ക്കാണ് സുലൈമാൻ വിൽക്കുന്നത്.

 ചിഹ്നം മായില്ല

മാസ്‌കിന്റെ ഒരുവശത്ത് സ്ഥാനാർത്ഥിയുടെ പേരും ചിത്രവും പ്രിന്റ് ചെയ്യാം.തുണിയിൽ നിർമ്മിക്കുന്ന മാസ്കിൽ ഹീറ്റ്‌ ചെയ്താണ് പ്രിന്റ് ചെയ്യുക.കഴുകിയാലും ചിഹ്നം മാഞ്ഞുപോകില്ല. അതിനാൽ വീണ്ടും ഉപയോഗിക്കാനാവും.