മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത : ജീവനുകൾ കുരുതി കൊടുക്കുന്നു

Friday 30 October 2020 1:30 AM IST

തൃശൂർ : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിൽ അടിപ്പാതയ്ക്കായെടുത്ത കുഴിയിൽ ലോറി വീണ് ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയത് ഉദ്യോഗസ്ഥരുടെയും കമ്പനി അധികൃതരുടെയും അനാസ്ഥയും വീഴ്ചയും മൂലമാണെന്ന ആരോപണം ശക്തം.

നിർമ്മാണ പ്രവർത്തനം മുടങ്ങിക്കിടക്കുന്ന ദേശീയപാതയിൽ, അപകടം നടന്ന സ്ഥലത്ത് കമ്പി കൊണ്ടുളള വേലി കെട്ടിവയ്ക്കാൻ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മിഷനും ആവശ്യപ്പെട്ടത് നടപ്പായില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡം പാലിച്ചില്ല. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ (28.5 കി.മീ) ആറുവരിപ്പാത നിർമ്മിക്കുന്നതിനുള്ള കരാർ ഒപ്പുവച്ചിട്ട് 11 വർഷം കഴിഞ്ഞു.

മുപ്പത് ശതമാനം പണികൾ ഇനിയും ബാക്കിയാണ്. 30 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കാമെന്ന വ്യവസ്ഥയിലാണ് ദേശീയ പാത അതോറിറ്റി എക്‌സ്പ്രസ് വേ എന്ന കമ്പനിക്ക് കരാർ നൽകിയത്. 2013ലാണ് കോടതി ഉത്തരവിലൂടെ സ്ഥലമേറ്റെടുക്കൽ പൂർത്തിയായത്. 514.05 കോടി രൂപയ്ക്ക് ഏറ്റെടുത്ത കരാർ ഇപ്പോൾ 1,200 കോടി രൂപയിലെത്തി. പണികൾ പൂർത്തിയാവാൻ അടുത്തവർഷം ആഗസ്റ്റ് വരെ കാത്തിരിക്കണമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്.

മരണപ്പാത

  • ദേശീയപാതയിൽ കഴിഞ്ഞ 10 വർഷത്തിനിടെ മരണം: 302 പേർ (വിവരാവകാശരേഖ പ്രകാരം )
  • അഞ്ചു വർഷത്തിനുള്ളിൽ കുതിരാൻ മുതൽ വടക്കഞ്ചേരി വരെ മരണം: 20 പേർ
  • അപകടകാരണങ്ങൾ
  • സൂചനാ ബോർഡ് സ്ഥാപിച്ചിട്ടില്ല
  • അപകടകരമായ സ്ഥലങ്ങളിൽ സുരക്ഷാവേലിയില്ല
  • പാതയിൽ പലയിടങ്ങളിലും നിരപ്പു വ്യത്യാസവും പ്രകടം
  • സീബ്രാലൈനും അണ്ടർപാസും നിർമിക്കണമെന്നതും പരിഗണിച്ചിട്ടില്ല.
  • അതിവേഗം പായുന്ന വാഹനങ്ങൾ ഇടറോഡുകളിലെ വാഹനങ്ങളെ ശ്രദ്ധിക്കുന്നില്ല

നരഹത്യക്ക് കേസെടുക്കണം

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കും കെ.എം.സി കമ്പനി, തൃശൂർ എക്‌സ്പ്രസ്‌വേ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടർക്കും എതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തും മുൻ പഞ്ചായത്ത് അംഗം കെ.പി ചാക്കോച്ചനും സിറ്റി പൊലീസ് കമ്മിഷണർക്കും പീച്ചി എസ്.ഐയ്ക്കും പരാതി നൽകി.

തുരങ്കം തുറക്കും ?

കുതിരാനിലെ ഒന്നാം തുരങ്കം ജനുവരിയിൽ തുറന്ന് കൊടുക്കണമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദേശിച്ചിരിക്കുന്നതെങ്കിലും രണ്ട് മാസം കൊണ്ട് പണികൾ തീരുമോ എന്ന ചോദ്യമുയരുന്നുണ്ട്. തുരങ്കത്തിന് പുറത്തെ പാറ പൊട്ടിച്ച് യാത്രാമാർഗം വികസിപ്പിക്കണം.

ഇരട്ടത്തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് ഇടനാഴി തുരങ്കങ്ങളിലൊന്ന് മാത്രമേ പൂർത്തിയായിട്ടുള്ളൂ. ആശയ വിനിമയ, വൈദ്യുതീകരണ ജോലികളും പൂർത്തിയായിട്ടില്ല. അഗ്‌നി സുരക്ഷാ സാമഗ്രി സ്ഥാപിക്കാനും കുഴൽക്കിണർ നിർമ്മിക്കാനും തുടങ്ങിയിട്ടില്ല. രണ്ടരവർഷമായി തുരങ്കത്തിനുള്ളിൽ പണി നടന്നിട്ടില്ല. രണ്ടാം തുരങ്കത്തിൻ്റെ 60 ശതമാനം പൂർത്തിയായിട്ടുമില്ല. തുരങ്ക നിർമാണത്തിന് അനുവദിച്ച വനഭൂമിക്ക് പകരമായി അത്ര അളവിൽ പകരം ഭൂമി വനംവകുപ്പ് ഏറ്റെടുത്ത് കേന്ദ്രത്തിന് നൽകാത്തതാണ് അതോറിറ്റി തടസ്സമായി പറയുന്നത്.

തുരങ്കം ഇങ്ങനെ

  • 2 തുരങ്കങ്ങൾ
  • നീളം 945 മീറ്റർ
  • വീതി 14 മീറ്റർ
  • ഉയരം 10 മീറ്റർ