ആളില്ലാതെ അടിതെറ്റുന്ന ഫയർഫോഴ്സ് സ്‌കൂബാ ടീം
തിരുവനന്തപുരം: അംഗബലമില്ലാത്തതു കാരണം ഫയർഫോഴ്സിന്റെ ജില്ലാ സ്‌കൂബാ ടീമിന്റെ പ്രവർത്തനങ്ങൾക്ക് അടിതെറ്റുന്നു. അപകടവും ആത്മഹത്യാശ്രമങ്ങളും പതിവാകുന്ന തലസ്ഥാനത്താകെ ഓടിയെത്താൻ ആകെയുള്ളത് 25 പേരടങ്ങുന്ന ടീം മാത്രം. ഇതിൽ പകുതി പേർ മാത്രമാണ് രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്. ഇവർ 13 ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ജീവനക്കാരാണ്. ഇതുകാരണം ഇവരെ ഒരുമിപ്പിച്ച് ഒരു സംഘവുമാക്കിയിട്ടില്ല.
ജീവൻ പണം വച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന ഈ സംഘത്തിന് വേണ്ടത്ര ഉപകരണങ്ങളും നൽകിയിട്ടില്ല. സേനയിൽ പുതുതായി വരുന്നവർക്കും സ്‌കൂബ ടീമിൽ ചേരാൻ മടിയാണ്. മറ്റ് ജോലികൾക്കും ഇവരെ നിയോഗിക്കുന്നതാണ് കാരണം. ജലാശയങ്ങളിലെ രക്ഷാപ്രവർത്തനത്തിന് പിന്നാലെ ടീം അംഗങ്ങൾക്ക് അസുഖങ്ങളുണ്ടാകുന്നതും വെല്ലുവിളിയാണ്. ഈ ഓട്ടത്തിന് റിസ്‌ക് അലവൻസായി മാസം നൽകുന്നതാകട്ടെ 30 രൂപയും. 2014ലാണ് ഫയർഫോഴ്സ് സേനയിൽ സ്‌കൂബ ടീം രൂപീകരിച്ചത്. രക്ഷാപ്രവർത്തനത്തിന് നേവിയുടെ സഹായം തേടിയിരുന്ന സർക്കാരിന് സ്‌കൂബ ടീം രൂപീകരിച്ചത്
ഏറെ ആശ്വാസമേകിയിരുന്നു. ഇൻഷ്വറൻസടക്കമുള്ള പരിരക്ഷകളും പാക്കേജുകളും ഉറപ്പാക്കിയാണ്ണ് നേവിയെ രക്ഷാപ്രവർത്തനത്തിന് എത്തിച്ചിരുന്നത്. എന്നാൽ അഗ്നി ശമനസേനയ്ക്ക് പ്രത്യേക അലവൻസുകളോ മറ്രാനുകൂല്യങ്ങളോ ഇൻഷ്വറൻസോ നൽകിയിട്ടുമില്ല. സാമ്പത്തിക പരാധീനതയാണെന്നാണ് വിശദീകരണം.
അടിത്തട്ടിൽ തപ്പിത്തടയുന്നു
ആഴമേറിയ ജലാശയങ്ങളിൽ മണിക്കൂറുകൾ മുങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അണ്ടർവാട്ടർ കാമറകളോ, അടിത്തട്ട് കാണാനുള്ള ഹൈ ലൂമിനസ് ലൈറ്റുകളോ, ഡി കമ്പ്രഷൻ ചേംബറോ, മറ്റാധുനിക ഉപകരണങ്ങളോ നൽകിയിട്ടില്ല. ജില്ലയിലാകെ നാല് ഡിങ്കികൾ മാത്രമാണ് ഫയർഫോഴ്സിനുള്ളത്. ഓരോ ഡൈവിന് ശേഷവും വിശ്രമവുമില്ല.
ആശയവിനിമയം സംവിധാനമില്ല
ജലാശയത്തിന്റെ അടിത്തട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥന് അപകടമുണ്ടായാൽ കരയിലുള്ള മറ്റുള്ളവരെ അറിയിക്കാൻ മാർഗമില്ല. ഇപ്പോഴും റോപ്പ് മെസേജിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. ഇത്തരം സാഹചര്യത്തിൽ മുങ്ങൽ വിദഗ്‌ദ്ധൻ അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കും. റോപ്പ് പലയിടത്തും കുരുങ്ങാനുള്ള സാദ്ധ്യതയുമുണ്ട്.
വേണ്ടത് ഒരു വിംഗ്
ആകെയുള്ള 25 സ്‌കൂബാ ടീമംഗങ്ങൾ 13 സ്റ്റേഷനിലായി ചിതറിക്കിടക്കുകയാണ്. ഏതെങ്കിലും സ്റ്റേഷൻ പരിധിയിൽ അപകടമുണ്ടായാൽ ട്രെയിനിംഗ് ലഭിച്ച ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ മണിക്കൂറുകൾ വൈകും. ഇവരെ ഒരു ഗ്രൂപ്പാക്കി ഒരേ സ്ഥലത്ത് തന്നെ നിയമനം നൽകിയാൽ ആ പ്രശ്നം ഒഴിവാക്കാം. ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയാൽ കൂടുതൽ ഉദ്യോഗസ്ഥരെ ടീമിലേക്ക് ആകർഷിക്കാനുമാവും.