അകലം 'മായുന്നു"; സഞ്ചാരികളുടെ വരവിന് കോവളത്തിന്റെ കാത്തിരിപ്പ്
കോവളം: അടച്ചിരിപ്പിനെ തുടർന്ന് സഞ്ചാരികൾ അകന്നതോടെ മടുപ്പിന്റെ പുതപ്പിൽ മുഖം ചേർത്ത കോവളം തീരം വീണ്ടും ഉണരുന്നു. നവംബർ ഒന്ന് മുതൽ ആഭ്യന്തര സഞ്ചാരികൾ ഒഴുകിയെത്തുമെന്നാണ് കോവളത്തിന്റെ പ്രതീക്ഷ. സഞ്ചാരിക്കൂട്ടങ്ങളെ വരവേൽക്കാൻ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മോടിപിടിപ്പിക്കുന്നതിനുള്ള ജോലികൾ കഴിഞ്ഞ ആഴ്‌ച മുതൽ തുടങ്ങി.
കൊവിഡിനെ തുടർന്ന് മാർച്ച് മുതലാണ് കോവളം തീരത്ത് ആളനക്കം നിലച്ചത്. ഇതോടെ ടൂറിസത്തെ ആശ്രയിച്ചിരുന്ന നിരവധി ജീവിതങ്ങളും പട്ടിണിയിലായി. മുന്നൂറിലേറെ ഹോട്ടലുകൾ, ഇതര സംസ്ഥാനക്കാരുടേതടക്കം നൂറിലേറെ കടകൾ, റസ്റ്റോറന്റുകൾ തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലായി. ഇവയെ ആശ്രയിച്ചിരുന്ന എണ്ണായിരത്തോളം തൊഴിലാളികളും പെരുവഴിയായി. സ്ഥാപനങ്ങളിലേറെയും പാട്ടത്തിനെടുത്താണ് നടത്തുന്നത്. തുണി, പഴങ്ങൾ തുടങ്ങിയവ കൊണ്ടുനടന്ന് കച്ചവടം ചെയ്യുന്നവർ, കുട, കട്ടിൽ വാടകയ്‌ക്കു നൽകുന്നവർ, ഉല്ലാസ ബോട്ടുകാർ തുടങ്ങി കോവളത്തെ ടൂറിസത്തെ മാത്രം അശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. നിബന്ധനകളോടെ പ്രവർത്തനം പുനഃരാരംഭിക്കുമ്പോഴും സഞ്ചാരികൾ എത്തുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. മാസങ്ങളായി പ്രവർത്തിക്കാത്തതിനാൽ ഉപകരണങ്ങൾ കേടായതും ഹോട്ടലുടമകളെ വീണ്ടും കടക്കെണിയിലാക്കുന്നുണ്ട്.
നേരിയ കടൽക്ഷോഭം
ടൂറിസം സീസൺ തുടങ്ങാറായിട്ടും തീരത്ത് നേരിയ കടൽക്ഷോഭം തുടരുകയാണ്. ലൈറ്റ് ഹൗസ് ബീച്ചിലും സീറോക്ക് ബീച്ചിലും കടലിറങ്ങാൻ ആഴ്ചകൾ വേണ്ടിവരുമെന്നാണ് നിഗമനം. ഹവ്വാ ബീച്ചിൽ ഇതാദ്യമായാണ് നടപ്പാതയ്‌ക്കു താഴെ കടൽ കയറുന്നത്. ബോട്ടുകൾ നടപ്പാതയിലേക്ക് കയറ്റിയതിനാൽ ഒഴുക്കിൽപ്പെട്ടില്ല.
വിദേശികൾ പേരിന്
കോവളത്തും പരിസരത്തുമായി ഹോം സ്റ്റേയിലുൾപ്പെടെ 50ൽ താഴെ വിദേശികൾ തങ്ങുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇവിടം സുരക്ഷിതമെന്ന നിലയിലാണ് ഇവർ ഇവിടെ തുടരുന്നത്.
ആഭ്യന്തര സഞ്ചാരികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ
പ്രവേശന കവാടത്തിൽ ജീവനക്കാരെ നിയോഗിക്കും. ശരീരോഷ്മാവ് പരിശോധിക്കും
സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്‌ക് എന്നിവ കർശനം
കൊവിഡിനെ പ്രതിരോധിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ പ്രദർശിപ്പിക്കും
നടപ്പാതകൾ, കൈവരികൾ, ഇരിപ്പിടങ്ങൾ, പവിലിയനുകൾ എന്നിവിടങ്ങളിൽ ഇടവിട്ട് അണുനാശിനി തളിക്കും
നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ഷോപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ചുരുങ്ങിയത് രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം
ലൈഫ് ഗാർഡുകൾ, ടൂറിസം പൊലീസ് എന്നിവരുടെ സഹായം ഉറപ്പാക്കും
സന്ദർശകന്റെ പേര്, വിലാസം, ഫോൺ നമ്പർ, സന്ദർശന സമയം തുടങ്ങിയവ രേഖപ്പെടുത്താൻ പ്രവേശന കവാടത്തിൽ രജിസ്റ്റർ സൂക്ഷിക്കും