ബിനീഷിനെ കുടുക്കിയതിന് പിന്നിലും സ്വപ്‌ന? ബംഗളൂരുവിൽ സ്വപ്‌ന പിടിയിലായ ദിവസം ബിനീഷിന്റെ ഫോൺ കോളുകൾ വഴിത്തിരിവായി
ബംഗളൂരു: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് പിടിയിലായ ദിവസം ബിനീഷും അനൂപും ഫോണിൽ സംസാരിച്ചത് നിരവധി തവണ. ബിനീഷിനെതിരായി അന്വേഷണം തിരിയാൻ അന്വേഷണ ഏജൻസികൾക്ക് സഹായകരമായത് ഇക്കാര്യമാണ്. സ്വർണക്കടത്ത് സംഘത്തിന് ബംഗളൂരു ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന് എൻഫോഴ്‌സ്‌മെന്റ് വിശദമായി പരിശോധിച്ച് വരികയാണ്.
ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് കൊച്ചി യൂണിറ്റ് 11 മണിക്കൂർ ചോദ്യം ചെയ്‌തത് ഇതിന്റെ ഭാഗമായാണ്. അതിനു ശേഷമാണ് ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്‌ത് വിട്ടയച്ചത്. പിന്നീട് അനൂപിനെ ചോദ്യം ചെയ്‌തതോടെയാണ് ബിനീഷിനെതിരായ കുരുക്ക് മുറുകിയത്. ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ഇന്നലെ ഇക്കാര്യങ്ങളിൽ വിശദീകരണം ചോദിച്ച ശേഷമായിരുന്നു അറസ്റ്ര്.
സ്വർണക്കടത്ത് കേസിൽ തിരുവനന്തപുരത്ത് വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട് യു എ എഫ് എക്സ് സൊലൂഷൻസിൽ നിന്ന് ബിനീഷിന് കമ്മിഷൻ ലഭിച്ചതായി പ്രതികളിൽ ചിലർ മൊഴി നൽകിയിരുന്നു. ബിനീഷും അനൂപും ചേർന്ന് കുമരകത്തെ ഹോട്ടലിൽ നിശാപാർട്ടി നടത്തിയെന്നും ആരോപണമുയർന്നിരുന്നു.
മുഹമ്മദ് അനൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ വന്നത് ബിനീഷ് കോടിയേരിയുടെ അറിവോടെയാണെന്നാണ് കണ്ടെത്തിയത്. 20 അക്കൗണ്ടുകളിൽ നിന്നായി വന്ന 50 ലക്ഷം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷിന് അറിയാമെന്ന് മുഹമ്മദ് അനൂപ് വ്യക്തമാക്കി. അക്കൗണ്ടുകൾ വഴി ലഭിച്ച പണം ഉപയോഗിച്ചാണ് മുഹമ്മദ് അനൂപ് ലഹരിമരുന്നുകച്ചവടം നടത്തിയത്. ലഹരിക്കേസിൽ അന്വേഷണം നടത്തുന്ന എൻ സി ബി യും ബിനീഷ് കോടിയേരിക്കെതിരേ കേസെടുക്കും.
ബിനീഷിനെ ചോദ്യംചെയ്യുന്നതിനിടെ സുഹൃത്തുക്കളെ ഉദ്യോഗസ്ഥർ പറഞ്ഞയച്ചിരുന്നു. ഇതോടെ അറസ്റ്റുണ്ടാകുമെന്ന സൂചന പുറത്തുവന്നു. രണ്ടരയോടെ ഇ ഡി ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയെ നാടകീയമായി കാറിൽ കയറ്റി പൊലീസ് സുരക്ഷയോടെ പുറത്തുകൊണ്ടുപോവുകയായിരുന്നു. കൊവിഡ്, മെഡിക്കൽ പരിശോധനകൾക്ക് ശേഷം മൂന്നരയോടെ സിറ്റി സെഷൻസ് കോടതിയിലെത്തിച്ചു.
അനൂപിന്റെയും ബിനീഷിന്റെയും മൊഴികളിൽ പൊരുത്തക്കേട് തുടർന്നതോടെയാണ് അറസ്റ്റിനുള്ള ഒരുക്കം തുടങ്ങിയത്. ബിനീഷ് പരസ്പരവിരുദ്ധമായ മൊഴി നൽകിയതോടെ ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ പിടിച്ചെടുത്തു. മൊബൈൽ ഫോണിലെ വിവരങ്ങളെല്ലാം നശിപ്പിച്ചിരുന്നതായി കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.