കടുകിട തെ‌റ്റില്ല ലക്ഷ്യം; ശത്രു കപ്പലുകളെ തരിപ്പണമാക്കുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ച് രാജ്യം

Friday 30 October 2020 3:11 PM IST

ന്യൂഡൽഹി: ശത്രു രാജ്യങ്ങളുടെ കപ്പലുകളെ നിമിഷാർദ്ധം കൊണ്ട് തകർക്കാവുന്ന ആന്റി ഷിപ്പ് മിസൈൽ (എ.എസ്.എച്ച്.എം) ബംഗാൾ ഉൾക്കടലിൽ വച്ച് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഐഎൻഎസ് കോറ എന്ന കപ്പലിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്. ഇതിനായി തയ്യാറാക്കിയ പ്രത്യേക കപ്പലിൽ കൃത്യമായി മിസൈൽ പതിച്ചെന്ന് നാവികസേന അധികൃതർ അറിയിച്ചു. പ്രത്യേക കപ്പൽ പൂർണമായും തകർന്നു.

കുറച്ച് നാൾ മുൻപും ആന്റി ഷിപ്പ് മിസൈൽ പരീക്ഷണം ഇന്ത്യ നടത്തിയിരുന്നു. ഐഎൻഎസ് പ്രഫലിൽ നിന്നാണ് മിസൈൽ അന്ന് പരീക്ഷിച്ചത്. കൃത്യമായി ലക്ഷ്യസ്ഥാനത്ത് അതിവേഗം മിസൈൽ പതിച്ചു. അറേബ്യൻ കടലിലാണ് ആ പരീക്ഷണം നടന്നത്.

മിസൈൽ മാത്രമല്ല അന്തർവാഹിനികളെ തകർക്കാൻ സാധിക്കുന്ന യുദ്ധകപ്പലായ ഐഎൻഎസ് കവരത്തിയും ഇന്ത്യ പുറത്തിറക്കി. കരസേന മേധാവി എം.എം നരവനേയാണ് കപ്പൽ രാജ്യത്തിന് സമർപ്പിച്ചത്. ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്താനും കൃത്യമായ നശിപ്പിക്കാനും ഐഎൻഎസ് കവരത്തിക്ക് കഴിയുമെന്ന് നാവികസേന അറിയിച്ചു. ദീർഘദൂര ലക്ഷ്യങ്ങൾ തകർക്കാൻ കഴിവുള‌ളവയാണ് ഇവ. മുൻപ് ഐ.എൻ.എസ് പ്രബൽ യുദ്ധകപ്പലിൽ നിന്ന് റഷ്യൻ നിർമ്മിത കെ.എച്ച്-35 'ഉറാൻ' മിസൈലുകളും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഡീകമ്മീഷൻ ചെയ്‌ത ഐ.എൻ.എസ് ഗോദാവരി യുദ്ധകപ്പിലിനെയാണ് അന്ന് ഉറാൻ മിലൈലുകൾ തകർത്തത്.