ഇന്ത്യയിലെ അമ്പത്തിയാറ് ഇഞ്ചുള്ള പ്രധാനമന്ത്രിയെ പാക് സൈന്യം ഭയക്കുന്നു, വിറച്ച് മുട്ടിടിക്കുന്നു, പത്ത് വർഷം മുമ്പുള്ള ഇന്ത്യയല്ല മോദിയുടെ ഇന്ത്യയെന്ന് ഇമ്രാൻ ഖാന് അന്ന് മനസിലായി, ലോകത്തിനും

Friday 30 October 2020 4:32 PM IST

രഹസ്യങ്ങൾ പുറത്തായിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തങ്ങളുടെ രാജ്യം ഭയക്കുന്നതായി പാകിസ്ഥാൻ മുസ്ലിം ലീഗ് എൻ (പി.എം.എൽ.എൻ) നേതാവ് അയാസ് സാദിഖ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ മോചിപ്പിച്ചില്ലെങ്കിൽ ഇന്ത്യ തങ്ങളെ ആക്രമിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും ഭയപ്പെട്ടിരുന്നു.

ജമ്മു കാശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് പാകിസ്ഥാൻ മന്ത്രി ഫവാദ് ചൗധരി പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ വെളിപ്പെടുത്തിയിരുന്നു. പുൽവാമ ആക്രമണം പദ്ധതിയിട്ടതിന്റെ എല്ലാ ക്രെഡിറ്റും ഫവാദ് ഇമ്രാൻ ഖാനാണ് നൽകിയത്. പാക് നാഷണൽ അസംബ്ലിയിൽ നടത്തിയ ഈ രണ്ട് വെളിപ്പെടുത്തലുകളും പാകിസ്ഥാന്റെ മുഖംമൂടി തകർത്തു.

ഇമ്രാൻ ഖാന്റെ ഏറ്റവും അടുത്തയാളാണ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് മന്ത്രിയായ ഫവദ്. പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും ഇമ്രാൻ ഖാനെ സ്ഥിരം പിന്തുണയ്ക്കുന്നത് ഇയാളാണ്. ആ ഫവദ് തന്നെയാണ് 2019 ഫെബ്രുവരി 14ന് 40 ഇന്ത്യൻ സി.ആർ.പി.എഫ് ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ആക്രമണം ആരുടെ തലയിൽ ഉദിച്ചതാണെന്ന് വ്യക്തമായി വെളിപ്പെടുത്തിയത്.

"ഇന്ത്യയെ ഞങ്ങൾ അവരുടെ തട്ടകത്തിൽ കയറി അടിച്ചു. പുൽവാമയിലെ ഞങ്ങളുടെ വിജയം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്." എന്നായിരുന്നു ഫവാദ് ചൗധരി പറഞ്ഞത്.

എന്നാൽ പ്രസ്താവന മാദ്ധ്യമശ്രദ്ധ നേടിയ ഉടൻ തന്നെ ചൗധരി തന്റെ നിലപാട് മാറ്റി. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കയറി ആക്രമിച്ചുവെന്നാണ് പറഞ്ഞതെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നുമായി മന്ത്രിയുടെ ന്യായീകരണം.

ഇന്ത്യ ആക്രമിക്കുമോ എന്ന പേടികൊണ്ടാണ് പാകിസ്ഥാൻ ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ മോചിപ്പിച്ചതെന്ന് പാകിസ്ഥാൻ മുസ്ലിം ലീഗ് എൻ (പി.എം.എൽ.എൻ) നേതാവ് അയാസ് സാദിഖ് പറഞ്ഞതിന് പിന്നാലെയായിരുന്നു അതിനെ ന്യായീകരിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തൽ ഇമ്രാൻ ഖാന്റെ ഏറ്റവും അടുത്ത ആളിൽ നിന്ന് തന്നെ ഉണ്ടായത്. ബലാകോട്ട് വ്യോമാക്രമണത്തിനിടെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന ഉന്നതതല യോഗത്തിലേക്കാണ് അയാസ് വിരൽ ചൂണ്ടിയത്.

അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായതിന് പിന്നാലെ പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വയുടേയും, വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയുടേയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ താനും പങ്കെടുത്തിരുന്നുവെന്ന് അയാസ് പറയുന്നു.

'കോൺഫറൻസ് മുറിയിലേക്ക് കയറി വന്ന ബജ്‌വയുടെ മുട്ടിടിക്കുന്നുണ്ടായിരുന്നു. മെഹ്‌മൂദ് ഖുറേഷി വിയർക്കുന്നുണ്ടായിരുന്നു. അഭിനന്ദനെ എത്രയും വേഗം വിടണം. ഇല്ലെങ്കിൽ രാത്രി ഒൻപതിന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് ഖമർ ജാവേദ് പറഞ്ഞു. ' യോഗത്തിൽ ഇമ്രാൻ ഖാൻ പങ്കെടുക്കേണ്ടിയിരുന്നെങ്കിലും എത്തിയില്ല എന്നും അയാസ് ഓർമിപ്പിച്ചു. പാര്‍ലമെന്റില്‍ സന്നിഹിതനായിരുന്ന മെഹ്‌മൂദ് ഖുറേഷി ആകട്ടെ വിവരം നിഷേധിച്ചതുമില്ല.

അയാസ് സാദിഖ് പാകിസ്ഥാനിലെ സാധാരണ രാഷ്ട്രീയക്കാരൻ അല്ല. നാഷണൽ അസംബ്ലിയുടെ മുൻ സ്പീക്കർ ആയിരുന്നു അയാസ്. എന്തു കൊണ്ടാണ് അഭിനന്ദനെ പാകിസ്ഥാൻ ഉടൻ വിട്ടയക്കാൻ കാരണം എന്ന് ഇതുവരെ ആർക്കും അറിയില്ലായിരുന്നു. ഊഹാപോഹങ്ങൾ ധാരാളമായിരുന്നു.

ഈ രണ്ട് പാക് നേതാക്കളുടെയും വെളിപ്പെടുത്തലുകളിൽ നിന്നും രണ്ട് കാര്യങ്ങൾ മനസിലാക്കാം. ഒന്ന്, പുൽവാമയിലെ ചാവേർ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയത് പാകിസ്ഥാൻ ആണ്. രണ്ട്, പാകിസ്ഥാന് മോദിയെ ഭയമാണ്. പാകിസ്ഥാനിൽ നിന്നും ഉയരുന്ന വിശദീകരണങ്ങൾ എല്ലാം ഈ രണ്ട് സത്യങ്ങൾ മായ്ച്ചുകളയാനുള്ള വെറും ശ്രമങ്ങൾ മാത്രമാണ്.

പാകിസ്ഥാൻ ഇത്രയും നാൾ എന്താണോ ഒളിപ്പിച്ചത്, അത് പാകിസ്ഥാനിൽ നിന്നു തന്നെ പുറംലോകം അറിഞ്ഞിരിക്കുന്നു. പുൽവാമ ആക്രമണം കൊണ്ട് തങ്ങൾക്ക് എന്ത് ഗുണമെന്ന് ഊന്നിപ്പറഞ്ഞ ഇമ്രാൻ ഖാന്റെ മുഖംമൂടി അയാളുടെ അടുത്ത അനുയായി ആയ മന്ത്രിയുടെ വാക്കുകളിലൂടെ തന്നെ വലിച്ചുകീറപ്പെട്ടിരിക്കുന്നു.

ഇന്ത്യ ഒന്നും ഒളിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. പുൽവാമ ആക്രമണത്തിന്റെ തിരിച്ചടിയായി പാക് ഭീകരക്യാമ്പുകൾക്ക് നേരെ തങ്ങൾ ബലാകോട്ട് ആക്രമണം നടത്തിയെന്ന് ഇന്ത്യ ലോകത്തോട് തുറന്നുപറഞ്ഞു. പാകിസ്ഥാനോടും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. ഇന്ത്യ ഒന്നും മറയ്ക്കാൻ ശ്രമിച്ചില്ല. എന്നാൽ പാകിസ്ഥാനാകട്ടെ നുണകളുടെ കൂമ്പാരം സൃഷ്ടിച്ചു.

പത്ത് വർഷം മുമ്പുള്ള ഇന്ത്യയല്ല ഇപ്പോഴുള്ളത്. ഇന്ത്യയുടെ ആക്രമണത്തെയും ഇന്ത്യൻ പ്രധാനമന്ത്രിയേയും കുറിച്ച് ആലോചിക്കുമ്പോൾ പാകിസ്ഥാന്റെ തലപ്പത്തിരിക്കുന്നവർക്ക് പേടിച്ച് മുട്ടടിക്കുന്നുണ്ടെങ്കിൽ മനസിലാകുമല്ലോ ഇന്ത്യയുടെ ശക്തിയെന്താണെന്ന്. മുമ്പുണ്ടായിരുന്ന ഭരണത്തിൽ നിന്നും മോദിയുടെ നേതൃഗുണത്തിന്റെ വ്യത്യാസവും ഗുണവുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

പാകിസ്ഥാൻ പതിറ്റാണ്ടുകൾ മുമ്പ് തന്നെ തീവ്രവാദികളെ തീറ്റിപ്പോറ്റുന്നുണ്ട്. തിരിച്ചടിക്കാൻ ഇന്ത്യൻ സേന പ്രാപ്തർ ആയിരുന്നിട്ടും മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന നേതൃത്വം പാകിസ്ഥാനിലേക്ക് കത്തുകൾ എഴുതുകയും ഡോസിയറുകൾ അയക്കുകയുമാണ് ചെയ്തത്. മുമ്പുണ്ടായിരുന്ന ഭരണത്തലവൻമാരിൽ നിന്നും വ്യത്യസ്തമായി ശത്രുവിനെതിരെ എങ്ങനെ പ്രവർത്തിക്കണം എന്ന നിഘണ്ടു മോദി തിരുത്തി എഴുതി. കുറഞ്ഞത് രണ്ട് തവണയെങ്കിലും ഭീകരവാദികളുടെ മടയിൽ കയറി സർജിക്കൽ സ്ട്രൈക്ക് നടത്താൻ മോദി ആർമിയ്ക്കും കരസേനയ്ക്കും നിർദ്ദേശം നൽകി.

ഇപ്പോൾ മറ്റൊരു സത്യം കൂടി പുറത്തുവന്നിരിക്കുന്നു. അഭിനന്ദനെ പാകിസ്ഥാൻ വിട്ട് തന്നിരുന്നില്ലായിരുന്നെങ്കിൽ അന്ന് രാത്രി 9 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനെ ആക്രമിക്കുമായിരുന്നു. മോദിയുടെ ശക്തിയെ പാകിസ്ഥാൻ എത്രത്തോളം ഭയപ്പെടുന്നുവെന്ന് ഈ സംഭവം അടിവരയിട്ട് കാണിക്കുന്നു. പക്ഷേ, നമ്മുടെ രാജ്യത്തുള്ള നേതാക്കൻമാരിൽ ചിലർ ഇത് അംഗീകരിക്കാൻ തയാറാകുന്നില്ല എന്നത് നിർഭാഗ്യകരമാണ്. പാകിസ്ഥാന്റെയും ചൈനയുടെയും വ്യാജപ്രചാരണങ്ങൾക്ക് ചെവികൊടുക്കാതെ നമ്മുടെ സേന എത്രത്തോളം ശക്തി ആർജ്ജിച്ചു കഴിഞ്ഞു എന്ന് ഇന്ത്യൻ ജനത മനസിലാക്കണം. അവരെ നയിക്കുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ തയാറാകണം.