അറുപതുകാരന്റെ കണ്ണിൽ ഇരുപത് വിരകൾ

Saturday 31 October 2020 1:32 AM IST

ബീജിംഗ്: കിഴക്കൻ ചൈനയിലെ ജിയാഗ്സു പ്രവിശ്യയിലെ സുസോ സ്വദേശിയായ വാൻ എന്ന അറുപതുകാരന്റെ കണ്ണിൽ നിന്നും ജീവനുള്ള വിരകളെ പുറത്തെടുത്തു. വലത് കൺപോളയ്‌ക്കുള്ളിൽ നിന്നാണ് ചെറിയ വിരകളെ കണ്ടെത്തിയത്.

കണ്ണിൽ വേദന അനുഭവപ്പെട്ടതോടെയാണ് വാൻ ആശുപത്രിയിൽ പരിശോധനയ്‌ക്കായി എത്തിയത്. ഡോക്‌ടർമാർ നടത്തിയ പരിശോധനയിൽ ഇയാളുടെ കൺപോളയ്‌ക്കുള്ളിൽ വിരകളെ കണ്ടെത്തി. ഇരുപതോളം വിരകളെ കണ്ണിൽ നിന്നും നീക്കം ചെയ്തു. നെമറ്റോഡുകൾ എന്നറിയപ്പെടുന്ന ഒരിനം പരാദജീവികളെയാണ് വാനിന്റെ കണ്ണിൽ നിന്നും പുറത്തെടുത്തത്.

വിരകൾ എങ്ങനെയാണ് ഇയാളുടെ കണ്ണിൽ എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാധാരണയായി വളർത്തുമൃഗങ്ങളുടെ കണ്ണിൽ കാണപ്പെടാറുള്ള നെമറ്റോഡുകൾ മൃഗങ്ങളിൽ നിന്ന് അപൂർവമായിട്ട് മാത്രമാണ് മനുഷ്യരിൽ എത്താറുള്ളത്

വാനിന്റെ ആരോഗ്യനില തൃപ്‌തികരമായി തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.