ഷാജോൺ സംവിധായകനാകുന്നു, നായകൻ പൃഥ്വിരാജ്
ഹാസ്യ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷക മനസു കീഴടക്കിയ നടനാണ് കലാഭവൻ ഷാജോൺ. മിമിക്രി വേദിയിൽ നിന്ന് സിനിമയിലെത്തിയ ഷാജോൺ ദൃശ്യത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ സ്വഭാവ നടന്മാരുടെ പട്ടികയിൽ ഇടം നേടിയിരുന്നു. ഷാജോൺ സംവിധായകന്റെ മേലങ്കി അണിയുകയാണ്. ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലൂടെയാണ് ഷാജോൺ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഹരിശ്രീ അശോകനു പിന്നാലെ സംവിധായകനാകുന്ന നടനെന്ന പ്രത്യേകതയും ഷാജോണിനുണ്ട്. ചിത്രത്തിൽ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വി തന്നെയാണ് പങ്കുവച്ചത്.
രണ്ടു വർഷങ്ങൾക്ക് മുൻപ് ഷാജോൺ ചേട്ടൻ (അതേ നമ്മുടെ സ്വന്തം കലാഭവൻ ഷാജോൺ) എന്റെ അടുക്കൽ അദ്ദേഹം തന്നെ രചിച്ച ഒരു പൂർണമായ തിരക്കഥ കൊണ്ടുവന്നു. ഞാൻ അതിൽ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാൽ തിരക്കഥ എഴുതപ്പെട്ട രീതിയിൽ, അതിന്റെ ഡീറ്റെയിലിംഗിൽ തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാൻ ഒരാൾക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതിൽ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവൻ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദേഴ്സ് ഡേ എന്നാണ് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനു ശേഷം പൃഥ്വി ഈ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് അറിയുന്നത്. ലൂസിഫറിൽ ഷാജോൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബ്രദേഴ്സ് ഡേയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് അറിയുന്നത്.