എൻഫോഴ്‌സ്‌മെന്റിനോട് സഹകരിക്കാതെ ബിനീഷ് കോടിയേരി; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു

Saturday 31 October 2020 11:32 AM IST

ബംഗളൂരു: ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്. പണത്തിന്റെ സ്രോതസിനെ കുറിച്ചുളള ചോദ്യം ചെയ്യലിൽ നിന്ന് ബിനീഷ് ഒഴിഞ്ഞുമാറുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. പല ചോദ്യങ്ങളോടുമുളള ബിനീഷിന്റെ ഉത്തരം എൻഫോഴ്‌സ്‌മെന്റിന് തൃപ്‌തികരമല്ല. കസ്‌റ്റഡി കാലാവധി കഴിയും മുമ്പ് ഇ ഡിക്ക് എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നേരം എത്ര വൈകിയാണെങ്കിൽ പോലും ചോദ്യം ചെയ്യൽ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ പറയുന്നത്. ആയതിനാൽ തന്നെ ഇന്നും ചോദ്യം ചെയ്യൽ നീളും.

അതേസമയം മയക്കുമരുന്ന് കച്ചവടവും പാർട്ടികളും ലക്ഷ്യമിട്ടാണ് അനൂപ് മുഹമ്മദ് ബംഗളുരുവിലെ കല്യാൺ നഗറിലെ ഹോട്ടൽ നടത്തിപ്പ് ഏറ്റെടുത്തതെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ ഹോട്ടൽ നടത്തിപ്പിനായി ബിനീഷ് അനൂപിനെ ബിനാമിയാക്കി പണം മുടക്കിയെന്ന് എൻഫോഴ്‌സ്‌മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു.

ഇരുപത്തിയഞ്ച് ലക്ഷം രൂപ മുൻകൂർ നൽകി മൂന്നരലക്ഷം രൂപ പ്രതിമാസ വാടയ്ക്കാണ് അനൂപ് മുഹമ്മദും മറ്റുരണ്ടുപേരും ചേർന്ന് കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടലിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹോട്ടലുടമകളുമായി കരാർ ഒപ്പുവച്ചത്. പിന്നാലെ ഹോട്ടലിന്റെ 205ആം നമ്പർ മുറിയിൽ അനൂപ് താമസം തുടങ്ങി. ബിനീഷ് കോടിയേരി അടക്കമുളള നിരവധി പ്രമുഖർ ഇവിടെ സന്ദർശകരായി എത്തിയിട്ടുണ്ടെന്ന് അനൂപ് അന്വേഷണ ഏജൻസികൾക്ക് മൊഴി നൽകിയിട്ടുണ്ട്. വിദേശികളും ഇവിടെ വന്നുപോയി. കൂടാതെ ഈ ബിസിനസിൽ ബിനീഷ് പണം മുടക്കിയിട്ടുണ്ടെന്ന് അനൂപ് മൊഴി നൽകിയിട്ടുമുണ്ട്.